ആറ്റിങ്ങൽ: ബി.പി കൂടി ചികിത്സ ലഭിക്കാതെ കഴിയുന്ന മകനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അടൂർ പ്രകാശ് എം.പി ക്ക് നിവേദനം നൽകി. മാമം അച്യുതത്തിൽ സുരേഷ് കുമാറിന്റെ മകൻ അശ്വിൻ സേലത്ത് അസുഖം ബാധിച്ച് ചികിത്സ ലഭിക്കാതെ ലോക്ക് ഡൗണിൽ കഴിയുകയാണ്.

കഴിഞ്ഞ മൂന്നുവർഷമായി കർണാടക ബാങ്കിന്റെ സേലം ബ്രാഞ്ചിൽ ക്ലാർക്കായി സേവനം അനുഷ്‌ഠിച്ചു വരുകയാണ് അശ്വിൻ. ലോക്ക്ഡൗൺ മൂലം നാട്ടിൽ വരാൻ കഴിയാതെ സേലത്ത് കഴിഞ്ഞിരുന്ന അശ്വിന് ബി.പി കൂടുകയായിരുന്നു. ചികിത്സ തേടി ആശുപത്രിയിൽ പോയെങ്കിലും കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് പിതാവ് പറയുന്നു. ആരുടെയും സഹായവും യഥാസമയം മരുന്നുകളും ലഭിക്കാതെ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയുന്ന മകനെ തിരികെ എത്തിക്കാനുള്ള സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് കുമാർ അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകിയത്.