വെള്ളറട: മലയോരത്തെ അതിർത്തി ഗ്രാമങ്ങളിൽ പൊലീസിന്റെ ശക്തമായ പരിശോധന തുടങ്ങി. കേരള തമിഴ് നാട് അതിർത്തി പങ്കിടുന്ന പനച്ചമൂട്ടിലും കടുക്കറയിലും കൂട്ടപ്പൂവിലും കാരക്കോണത്തും പൊലീസ് എല്ലാ വാഹനങ്ങളും സൂഷ്മ പരിശോധനയ്ക്ക് ശേഷമാണ് കടത്തി വിടുന്നത്. തമിഴ് നാട്ടിൽ നിന്നു ഉൗടുവഴികളിലൂടെയും ചരക്കു വാഹനങ്ങിലും കയറി ആളുകൾ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്. അറിയാവുന്ന റോഡുകളെല്ലാം അടച്ചുവെങ്കിലും നിരവധി പേർ വാഹനങ്ങളിൽ തമിഴ് നാട്ടിൽ നിന്നു അതിർത്തി കടന്ന് എത്തുന്നു. ഇതിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ പോലും പൊലീസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കുന്നു. ചരക്കു കയറ്റിവരുന്ന വാഹനങ്ങൾ മുകളിലും അകത്തും ആളുകൾ കയറി വരുന്നുവെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് വാഹനങ്ങളുടെ മുകളിൽ കയറിയും പരിശോധന നടത്തിയ ശേഷമാണ് അതിർത്തി കടത്തിവിടുന്നത്. ഇതിനു പുറമെ പൊലീസ് പട്രോളിംഗും ശക്തമാക്കി. രണ്ടു ബൈക്കുകളിൽ 24 മണിക്കൂറും അതിർത്തിയിൽ പരിശോധന നടത്തുന്നു. ഇന്നലെ ശൂരവക്കാണിയിൽ സ്ഥാപിച്ചിരുന്ന കേരള പൊലീസിന്റെ ചെക്ക് പോസ്റ്റ് കൂട്ടപ്പൂവിലേക്ക് മാറ്റി സ്ഥാപിച്ചു. തമിഴ് നാട്ടിൽ കൂട്ടപ്പൂ വഴി വാഹനങ്ങൾ കേരളത്തിലേക്ക് വരുന്നുവെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ചെക്ക് പോസ്റ്റ് കൂട്ടപ്പൂവിലേക്ക് മാറ്റിയത്. പരിശോധനയ്ക്ക് വെള്ളറട സി.ഐ എം. ശ്രീകുമാറും എസ്.ഐ സതീഷ് ശേഖറുമാണ് നേതൃത്വം നൽകുന്നത്. എല്ലാ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പും ഫയർ ഫോഴ്സ് ജീവനക്കാരും ഉണ്ട്.