2

പോത്തൻകോട്: ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും പോത്തൻകോട് ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ ദിവസങ്ങൾ പഴക്കമുള്ളതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി നശിപ്പിച്ചു. ഇന്നലെ രാവിലെ ജംഗ്ഷനിൽ നിന്നു വാങ്ങിയ മത്സ്യം വീട്ടിലെത്തിച്ച് വൃത്തിയാക്കുന്നതിനിടയിൽ പുഴുവും അസഹ്യമായ ദുർഗണ്ഡവും ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പരിശോധനയിൽ പോത്തൻകോട് മാർക്കറ്റിലും സമീപത്തെ മാളിലും മത്സ്യമൊത്ത കച്ചവടം നടത്തുന്ന കോലിയക്കോട് സ്വദേശി സിദ്ദിക്ക് എത്തിച്ച് ചെറുകിട കച്ചവടക്കാർ വഴി വിറ്റ മത്സ്യത്തിലാണ് കുഴപ്പമെന്ന് കണ്ടെത്തി. തുടർന്ന് സിദ്ദിക്ക് മത്സ്യം വിൽക്കുന്നിടത്തു നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച ചൂര മത്സ്യം പിടികൂടി നശിപ്പിച്ചത്. തൂത്തുക്കുടിയിൽ നിന്നെത്തിച്ച മത്സ്യമാണിതെന്നാണ് ഇയാൾ പറയുന്നത്. ഇയാളിൽ നിന്ന് 5000 രൂപ പിഴയും ഈടാക്കി. പരിശാേധനയ്ക്ക് എച്ച്.ഐ ഷിബു, ജെ.എച്ച്.ഐ സുധൻ എസ്. നായർ, പഞ്ചായത്ത് സെക്രട്ടറി സുനിൽ ബി. അബ്ബാസ്, പോത്തൻകോട് എസ്.ഐ അജീഷ്, വാർഡ് അംഗം അഡ്വ. എസ്.വി. സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ക്യാപ്ഷൻ: പോത്തൻകോട് ജംഗ്ഷനിൽ മത്സ്യ വില്പന സ്ഥലത്ത് നടന്ന പരിശോധന