പാലോട്: പല കലാകാരന്മാരുടെയും ആകെയുള്ള ആശ്രയം വർഷത്തിലുള്ള ഉത്സവവും ഉത്സവ പരിപാടികളുമാണ്. ജീവിത ഉപാധി എന്നിതലുപരി ഒരു ശീലം കൂടിയാണ് അവരുടെ കലകൾ. എന്നാൽ കോവിഡ് കാരണം വീട്ടിലിരിപ്പായ കലാകാരന്മാർ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. അതിനുള്ള ഉദാഹരണമാണ് തിരുവനന്തപുരത്തെ പ്രധാന ഗാനമേള സമിതിയായ 'സ്വരസാഗര". നിറഞ്ഞ സദസിന് മുന്നിൽ പാടി തിമിർത്ത സ്വരസാഗരയിലെ കലാകാരന്മാർ ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചതന്നെ തങ്ങളുടെ ഈണവും ഈരടിയും മൂളിപ്പാട്ടിൽ ഒതുക്കി. പ്രേക്ഷകർ തങ്ങളുടെ വീട്ടുകാർ മാത്രമായി. ഇപ്പോൾ ഈ കലാകാരന്മാർ ഈണം മാറ്റിപ്പിടിച്ചിരിക്കുകയാണ്.

ആദ്യം നിരത്തുകളിൽ സജീവമായ സന്നദ്ധ സേവകർക്കായി ഒരു ഗാനം തയ്യാറാക്കി. രചയിതാവും സംഗീതസംവിധായകനും പാട്ടുകാരും പിന്നണിക്കാരുമൊക്കെ അവരവരുടെ വിട്ടിലിരുന്ന് പിന്തുണപ്പാട്ട് ചിട്ടപ്പെടുത്തി. നവമാധ്യമങ്ങളിലൂടെ കൈയടി ഏറ്റുവാങ്ങി. പാട്ടിന്റെ അവസാനവരിയായ 'ഒപ്പമുണ്ടാകുമെവിടെയും കാലമറിയുന്ന യൗവനം' മാതൃകയാക്കി. പിന്നെയുമുണ്ട് ചില പരിപാടികൾ, രാത്രി 7 മണിമുതൽ ഒരുമണിക്കൂർ നേരം സ്വരസാഗരക്കിപ്പോൾ പാട്ടുസന്ധ്യയാണ്. സമിതിയിലുള്ളവരും സുഹൃത്തുക്കളുമായ ഗായകർ ഫേസ്ബുക്കിലൂടെ പാട്ടുമായെത്തും. ആവശ്യക്കാർക്ക് ഇഷ്ടഗാനം സമ്മാനമായി നൽകും. അഖില ആനന്ദ്, പ്രീത, അജിത്, രേഷ്മ തുടങ്ങിയവരും ഇതിനകം സ്നേഹഗാനങ്ങളുമായി ഈ കൂട്ടായ്മയിൽ പങ്കുചേർന്നു. ലോക്ക്ഡൗൺ തീരുംവരെ പാട്ടും ഉപകരണ സംഗീതവും പങ്കിട്ട് മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. വേദിയിലും പിന്നണിപ്രവർത്തനവുമായി 22ഓളം പേർ ഉള്ള സ്വരസാഗര ലോക്ക് ഡൗൺ കാലവും അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.

തീർന്നില്ല. പാട്ടില്ലാത്ത പകലുകളിൽ ഇവരിൽ പലർക്കും കൃഷിയുണ്ട്. ഈ കാലത്ത് നട്ട അടുക്കളത്തോട്ടം പലരുടെയും വീടുകളിൽ പച്ചപിടിച്ചു വരികയാണ്. അടുത്ത സീസൺ മുതൽ വിഷമില്ലാത്ത പച്ചക്കറിയെന്ന സന്ദേശം വേദികളിലൂടെ പ്രചരിപ്പിക്കാനും ഇവർ ലക്ഷ്യമിടുന്നുണ്ട്.

സ്വരസാഗരയിലെ അംഗങ്ങൾ: 22 പേർ