mask

തിരുവനന്തപുരം: ശ്വസനപ്രക്രീയയ്‌ക്ക് ഗുണകരമായതും രോഗപ്രതിരോധ ശക്തിയുള്ളതുമായ ഔഷധങ്ങളിൽ മുക്കിയെടുത്ത നൂലിൽ നെയ്യുന്ന ആയുർ മാസ്കുകൾക്ക് പ്രിയമേറുന്നു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർമാർ രൂപകൽപ്പനചെയ്ത ഫേസ് മാസ്‌കുകളാണ് ഇപ്പോൾ ട്രെൻഡാകുന്നത്.

രോഗാണു നാശകശേഷിയും ശ്വസനപ്രക്രീയയ്‌ക്ക് കൂടുതൽ ശക്തിയും നൽകുന്നവയാണ് മഞ്ഞൾ, കൃഷ്ണതുളസി, പനിക്കൂർക്ക തുടങ്ങിയവ. ഇവ ഉപയോഗിച്ച് തയ്യാറാക്കിയ കഷായത്തിൽ മുക്കിയെടുത്ത നൂലിൽ നിർമ്മിച്ച കൈത്തറി മാസ്കുകളാണിവ. ഔഷധ ഗന്ധമുള്ള മാസ്കുകൾ ധരിക്കുമ്പോൾ അണുനാശക മരുന്നിന്റെ ഗന്ധവും ഗുണവും ശ്വസനവ്യൂഹത്തിലേക്ക് കടക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാൻ കാരണമാകുമെന്ന് നിർമ്മാതാക്കൾ പറയുന്നു. എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. ആനന്ദിന്റെ ആശയമാണ് ആയുർമാസ്കുകൾക്കു പിന്നിൽ. ബാലരാമപുരത്തെ പരമ്പരാഗത നെയ്ത്തുകേന്ദ്രങ്ങളിലാണ് മരുന്നുകഷായത്തിൽ മുക്കിയ നൂലിൽനിന്നു മാസ്‌കിനുള്ള തുണി നെയ്യുന്നത്.
തൂവെള്ള നിറത്തിലുള്ള കൈത്തറി നൂൽ കഷായത്തിൽ മുക്കുമ്പോൾ മഞ്ഞളിന്റെ നിറമാണ് ലഭിക്കുന്നത്. തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജ് കോഓപ്പറേറ്റീവ് സൊസൈറ്റി, എ.എം.എ.ഐ ലയ്സൺ ഓഫീസ് എന്നിവിടങ്ങളിലാണ് ഇപ്പോൾ ആയുർ മാസ്കുകൾ ലഭിക്കുന്നത്. 35 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് : 9847320018