കിളിമാനൂർ: ലോക്ക്ഡൗൺ കാലം വിരസതയുടെ ദിനങ്ങളല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കിളിമാനൂർ ആർ.ആർ.വി ബോയ്സ് സ്കൂളിലെ കുട്ടി എഴുത്തുകാർ. തങ്ങളുടെ സൃഷ്ടികൾ ഡിജിറ്റൽ മാഗസിനിലെ താളുകളിൽ കണ്ടപ്പോൾ ആഹ്ലാദം ആവേശമായി. പല സൃഷ്ടികളും നല്ല ഇരുത്തം വന്ന ശൈലിയിൽ എഴുതിയവ. അടച്ചിടൽ ദിവസങ്ങളിൽ കുട്ടികളുടെ മാനസിക സമ്മർദ്ദമകറ്റാൻ അദ്ധ്യാപകർ നൽകിയ അവസരമാണ് എഴുത്തിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കിയത്. 59 പേജുള്ള 'അതിജീവനം' എന്ന ഡിജിറ്റൽ മാഗസിൻ അങ്ങനെ ചുരുങ്ങിയ ദിവസം കൊണ്ട് പിറവിയെടുത്തു. മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതോളം രചനകൾ. കവിതകൾ, കഥകൾ, ലേഖനങ്ങൾ, നിരൂപണം, കാർട്ടൂണുകൾ, ചിത്രങ്ങൾ അങ്ങനെ കലാസമ്പുഷ്ടമാണ് താളുകൾ. അടച്ചിട്ട ദിനങ്ങളെ പല കോണുകളിൽ നിന്ന് നോക്കിക്കാണുന്ന കുട്ടി എഴുത്തുകാർ വരുംകാല വാഗ്ദാനങ്ങൾ തന്നെയാണ്. കുട്ടികളെ തൊട്ടുണർത്തിയ സ്കൂളിന്റെ എസ്.ആർ.ജി കൺവീനർ ഇംഗ്ലീഷ് അദ്ധ്യാപിക രാഖി രാധാകൃഷ്ണനും, ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ സൃഷ്ടിയായി മാഗസിൻ അണിയിച്ചൊരുക്കിയ സ്കൂൾ ഐ.ടി കൺവീനർ പ്രതിഭയുമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർ. പ്രിൻസിപ്പൽ വി.ആർ. സാബു, ഹെഡ്മാസ്റ്റർ വേണു ജി. പോറ്റി, പി.ടി.എ പ്രസിഡന്റ് വി.ഡി. രാജീവ് എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.