തിരുവനന്തപുരം: ലോക്ക് ഡൗണിൽ പ്രണയ ഒളിച്ചോട്ടവുമില്ല, അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളുമില്ല. കഴിഞ്ഞ രണ്ടു മാസമായി പേരിനൊരു പ്രണയ കേസു പോലും പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോക്ക് ഡൗണിൽ പുറത്തിറങ്ങാനാകാതെ കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ട്. അഥവാ കണ്ണു വെട്ടിച്ച് കാമുകനൊപ്പം ചാടിയാൽ മുക്കിനു മുക്കിന് കാവൽ നിൽക്കുന്ന പൊലീസിന്റെ കൈയിൽ ചെന്നു പെടും. പിന്നെങ്ങനെ ഒളിച്ചോടാൻ...
കഴിഞ്ഞ വർഷം ഇൗ കാലയളവിൽ പ്രണയവുമായി ബന്ധപ്പെട്ട് 23 തട്ടികൊണ്ടുപോകൽ പരാതിയും 92 പീഡനക്കേസുമാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
മറ്റ് കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും വർഗീയ സംഘർഷങ്ങളുമൊക്കെ ലോക്ക് ഡൗണിൽ ഗണ്യമായി കുറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ കുറ്റകൃത്യങ്ങളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോ പറയുന്നു.
2019ൽ ഇതേ കാലയളവിൽ 1908 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കൊല്ലം 378 കേസുകൾ മാത്രം. എന്നാൽ, കൊലപാതക കേസുകളിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ലോക്ക് ഡൗൺ കാലത്ത് ആറ് കൊലപാതക കേസുകളുണ്ടായി. അത്ര തന്നെ കേസുകളാണ് 2019ലും രജിസ്റ്റർ ചെയ്തത്. ലോക്ക് ഡൗൺ കാലത്ത് ഇതുവരെ 50 മോഷണ/പിടിച്ചുപറി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 287 ആയിരുന്നു.
റോഡപകടം
മാർച്ച് 25 മുതൽ 31 വരെ 97 അപകടങ്ങളിൽ 15 മരണം
2019ൽ ഇതേ കാലയളവിൽ 1460 അപകടം, 181 മരണം