chennithala

തിരുവനന്തപുരം: സ്‌പ്രിൻക്ലർ വിവാദത്തിൽ യു.ഡി.എഫിന്റെ ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും വലിയൊരു അഴിമതി പുറത്തുവന്നതിന്റെ വേവലാതിയാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളിൽ കാണുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്‌പ്രിൻക്ളർ അഴിമതിയെ പറ്റി ഉന്നയിച്ച കാര്യങ്ങൾക്കല്ല,​ അനുബന്ധ കാര്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്. ലാവ്‌ലിന്റെ ബാധ അദ്ദേഹത്തെ ഇപ്പോഴും പിന്തുടരുന്നു. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് യു.ഡി.എഫിന്റെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യുമ്പോഴും അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ല. ഏപ്രിൽ 10നാണ് സ്‌പ്രിൻക്ളറുമായി ബന്ധപ്പെട്ട് താൻ ആദ്യമായി ആരോപണം ഉന്നയിച്ചത്. മിക്ക ആരോപണങ്ങളും ശരിവയ്ക്കുന്ന സംഭവങ്ങളാണ് പിന്നീടുള്ള ദിവസങ്ങളിൽ നടന്നത്. ആദ്യമൊക്കെ ഇതിനെ നിസാരവത്കരിച്ച മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ്. അഴിമതി ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുന്നത്?​ ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പണ്ടെന്നോ നടന്ന സി.പി.ഐ - സി.പി.എം വിഭാഗീയത കുത്തിപ്പൊക്കി സ്വയം രക്തസാക്ഷി ഇമേജ് ഉണ്ടാക്കാനാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ശ്രമിച്ചത്. ഇതിനോട് പ്രതിപക്ഷത്തിന് സഹതാപമേ ഉള്ളൂ. ഇടതുമുന്നണിയുടെ പൊതുനയത്തിന് എതിരായാണ് കരാർ നടപടികളെന്ന തന്റെ ആക്ഷേപത്തെ ഇടതുമുന്നണി നേതൃത്വമോ സി.പി.എം ദേശീയ - സംസ്ഥാന നേതൃത്വങ്ങളോ തള്ളിയിട്ടില്ല. കരാർ പരിശോധിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചത് കുറ്റസമ്മതമാണ്. സ്‌പ്രിൻക്ലറിൽ സി.പി.എമ്മിലും ഇടതുമുന്നണിയിലും രണ്ട് അഭിപ്രായമാണ്. ഐ.ടി സെക്രട്ടറി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദർശിച്ചത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.