kanam

തിരുവനന്തപുരം: സ്പ്രിൻക്ലർ ഡേറ്റാ വിവാദത്തിലുള്ള ആശങ്കയും അതൃപ്തിയും സി.പി.എം നേതൃത്വത്തെ നേരിട്ടറിയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അസാധാരണ സാഹചര്യത്തിലെടുത്ത അസാധാരണ നിലപാടെന്ന കാഴ്ചപ്പാടിൽ സർക്കാരിനും മുഖ്യമന്ത്രിക്കും സി.പി.എം പിന്തുണ നൽകിയതിന് പിന്നാലെയാണിത്. കരാറിലേർപ്പെടാനിടയായ സാഹചര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കരൻ സി.പി.ഐ സംസ്ഥാന കൗൺസിൽ ആസ്ഥാനത്തെത്തി കാനത്തെ കണ്ടതും മറ്റൊരു അപൂർവതയായി.

വിവാദത്തിൽ ഇടതുമുന്നണിക്കകത്ത് പ്രത്യക്ഷത്തിൽ അസ്വസ്ഥതകളില്ലെങ്കിലും സി.പി.ഐയുടെ അതൃപ്തി പ്രകടമായിരുന്നു. വിവര സ്വകാര്യതയുടെയും സുരക്ഷയുടെയും കാര്യത്തിൽ അഖിലേന്ത്യാതലത്തിൽ സി.പി.എം, സി.പി.ഐ നയത്തിന് വിരുദ്ധമായ നീക്കം കേരളത്തിലുണ്ടായെന്ന സന്ദേഹമാണ് സി.പി.ഐക്ക്. മന്ത്രിസഭ പോലും ചർച്ച ചെയ്യാതെ തിടുക്കപ്പെട്ടുണ്ടായ നടപടിയിൽ അതൃപ്തി അറിയിച്ച് സി.പി.ഐ സംസ്ഥാനനേതൃത്വം സി.പി.എം നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ചൊവ്വാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പായിരുന്നു ഇത്. വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂർവമോ അല്ലാതെയോ ചോർത്തുന്നത് ബന്ധപ്പെട്ട വ്യക്തിയെയും സ്ഥാപനത്തെയും സർക്കാരിനെയും പ്രതികൂലമായി ബാധിക്കാമെന്നാണ് ഇടതുകാഴ്ചപ്പാട്. സി.പി.ഐയുടെ അതൃപ്തി മനസ്സിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് സി.പി.ഐയുടെ 'തെറ്റിദ്ധാരണ' മാറ്റാൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കരൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എം.എൻ സ്മാരകത്തിലെത്തിയത്. വിശദീകരണം കേട്ടതല്ലാതെ, കാനം മറുപടിയൊന്നും പറഞ്ഞില്ലെന്നാണ് വിവരം.

അന്ന് ഉച്ച കഴിഞ്ഞ് സി.പി.എം- സി.പി.ഐ പതിവ് ഉഭയകക്ഷി ചർച്ചയ്ക്കായി എ.കെ.ജി സെന്ററിലെത്തിയപ്പോഴാണ് കാനം കോടിയേരിയെ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചത്. മുന്നണിയിലോ, മന്ത്രിസഭയിലോ വരാതെ, ഇടതുപാർട്ടികളുടെ ഡേറ്റാ നയത്തിന് വിരുദ്ധമായ കരാർ വിദേശ കമ്പനിയുമായി ഒപ്പിട്ടത് തെറ്റായിപ്പോയെന്ന വികാരമാണ് കാനം പ്രകടിപ്പിച്ചതെന്നറിയുന്നു. നിയമവകുപ്പിന്റെ ഉപദേശം തേടാതിരുന്നത് വീഴ്ചയായി അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ ജനറൽസെക്രട്ടറി ഡി. രാജയും കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിരുന്നു.

പ്രശ്നത്തിന്റെ വരുംവരായ്കകൾ പിന്നീട് വിശദമായി പരിശോധിക്കാമെന്ന് കോടിയേരി കാനത്തെ ധരിപ്പിച്ചു. സി.പി.എം സെക്രട്ടേറിയറ്റിന്റെ നിലപാടും അതാണ്. ഡേറ്റാ ചോവിഷയത്തിൽ നയം മാറ്റമില്ലെന്നും കോടിയേരി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്ന ഘട്ടത്തിൽ രാഷ്ട്രീയ വിവാദത്തിന് സി.പി.ഐയും ആഗ്രഹിക്കുന്നില്ല. അതിനാൽ പരസ്യ പ്രതികരണത്തിനും മുതിരില്ല.