ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവയ്‍ക്കാന്‍ മൂന്നുസേനകള്‍ക്കും കേന്ദ്ര സർക്കാർ നിര്‍ദേശം. റഫാല്‍ അടക്കമുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കും. കൊവിഡ് ഭീതി ഒഴിയുന്നത് വരെ ഇടപാടുകള്‍ നിര്‍ത്തിവയ്‍ക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് മിലിട്ടറികാര്യവകുപ്പ് നിര്‍ദേശംനല്‍കി.
വ്യോമസേനയ്ക്ക് വേണ്ടി 36 റാഫേൽ യുദ്ധവിമാനങ്ങൾ, റഷ്യയിൽ നിന്ന് എസ് 400 മിസൈൽ സംവിധാനം, കരസേനയ്ക്ക് ടാങ്കുകൾ, ആർട്ടിലറി ഗണ്ണുകൾ, അസോൾട്ട് റൈഫിൾ തുടങ്ങിവയാണ് ഉടനെ വാങ്ങാൻ തീരുമാനിച്ചിരുന്നത്. നാവിക സേനയ്ക്കായി 24 ഹെലികോപ്റ്ററുകളും. ഇതിനായുള്ള കരാർ നടപടികൾ പൂർത്തിയായിതാണ്.
രാജ്യമിപ്പോൾ വ്യത്യസ്തമായ സാഹചര്യത്തിൽ കൂടിയാണ് കടന്നുപോകുന്നതെന്നും അതിനാൽ എല്ലാത്തരത്തിലുമുള്ള ആയുധം വാങ്ങൽ നടപടികളും നിറുത്തിവയ്ക്കണമെന്നുമാണ് പ്രതിരോധ മന്ത്രാലയം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും മറ്റുമുള്ള നടപടികൾക്കായി വൻതോതിലുള്ള ചെലവുകളാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന് ആയുധം വാങ്ങുന്നത് മാറ്റിവയ്ക്കുന്നത്.