ആറ്റിങ്ങൽ: ലോക്ക് ഡൗൺ കാരണം ബിവറേജ് ഗോഡൗണിൽ ലോഡ് ഇറക്കാനാവാതെ മാമം പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് അഞ്ചര കെയ്സ് മദ്യം മോഷ്ടിച്ച് കടത്തിയ പ്രധാന പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. കോവളം ഉദയസമുദ്ര ഹോട്ടലിനു സമീപം തേരിയിൽ വീട്ടിൽ അനിക്കുട്ടൻ (19) ആണ് അറസ്റ്റിലായത്.
അനിക്കുട്ടനും കൂട്ടുകാരും 17 ന് കോവളത്തുനിന്നു ബൈക്കുകളിലായി രാത്രി ആറ്റിങ്ങലിലേക്കു വരുന്ന വഴി ഒരു ബൈക്ക് കേടായി. കോരാണി ഭാഗത്തുനിന്നു ഒരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഇവരുടെ ലക്ഷ്യം മദ്യ മോഷണം തന്നെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ചെടുത്ത വിലകുറഞ്ഞ മദ്യം കോവളം ഭാഗത്ത് 1000 രൂപയ്ക്ക് വില്പന നടത്തി വരുന്ന വിവരം തിരുവല്ലം എസ്.ഐക്ക് ലഭിച്ചു. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് വിവരം കൈമാറി. ആറ്റിങ്ങൽ ഡിവൈ.എസ്.പി ബേബിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ സി.ഐ ദിപിന്റെ നേതൃത്വത്തിൽ എസ്.ഐ സനൂജ്, എ.എസ്.ഐ പ്രദീപ്കുമാർ, ഷിനോദ്, താജുദ്ദീൻ, സി.പി.ഒ മാരായ ബാലു, ജയകുമാർ, നിതിൻ സിയാദ്, ഡ്രൈവർ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മറ്റുള്ളവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി എസ്.ഐ പറഞ്ഞു.