rrr

നെയ്യാറ്റിൻകര: കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങി. മണിവിള, നെടിയാംകോട്, ധനുവച്ചപുരം എന്നീ പ്രദേശങ്ങളിൽ രോഗപ്രതിരോധ മുൻകരുതലുകളൊന്നും കൂടാതെയാണ് ജനം പുറത്തിറങ്ങുന്നത്. പാറശാല, മാരായമുട്ടം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട ഈ പ്രദേശങ്ങളിൽ പരിശോധനകൾ പേരിനു മാത്രമായതായി നാട്ടുകാർ പറയുന്നു. ചന്തകളിൽ സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ സാധനങ്ങൾ വാങ്ങാൻ തിക്കിത്തിരക്കുന്നതും സ്ഥിരം കാഴ്ചയായിരിക്കുകയാണ്. മാസ്കോ കൈയുറയോ ധരിക്കാതെ കൂട്ടം കൂടുന്നതിൽ ആശങ്കയിലാണ് പരിസരവാസികൾ. കന്യാകുമാരി ജില്ലയിലെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയെങ്കിലും തമിഴ്നാട്ടിൽ നിന്നും ഒട്ടേറെപ്പേർ ഗ്രാമീണ മേഖലകളിലെ വിവിധ ചന്തകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നു. ലോക്ക്ഡൗൺ നിലവിൽ വന്നതുമുതൽ ദേശീയ പാതയോരത്തെ ജംഗ്ഷനുകളിലും കാരക്കോണം, കന്നുമാമൂട്, കളിയിക്കാവിള - ഇഞ്ചിവിള, കൊല്ലങ്കോട്-ഊരമ്പ് , പൊഴിയൂർ തിരദേശമേഖല, അതിർത്തി ചെക്ക് പോസ്റ്റുകളായ ആറ്റുപുറം - പൂവ്വാർ, അമരവിള - പാലക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും പരിശോധന ശക്തമാണ്. അതേസമയം നിയന്ത്രണങ്ങൾ ലംഘിച്ച് ഊടുവഴികളിലൂടെ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടക്കുന്നത് തടയാൻ കഴിയുന്നില്ലെന്ന് ആരോപണമുണ്ട്. അതിർത്തി പ്രദേശങ്ങളിൽ നിത്യോപയോഗസാധനങ്ങൾ വാങ്ങാൻ സുരക്ഷിത അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.