coronavirus

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ പരീക്ഷണങ്ങൾക്കു മുതിരരുതെന്ന മുന്നറിയിപ്പോടെ സുപ്രീംകോടതി നിരാകരിച്ച ഹോമിയോചികിത്സയെ പ്രതിരോധ മരുന്ന് എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണെന്ന്‌ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയിൽ പറഞ്ഞു.

ആധുനിക വൈദ്യശാസ്ത്രവും ലോകാരോഗ്യ സംഘടനയും നൽകുന്ന മാർഗനിർദ്ദേശങ്ങളുടെ ഫലമായി നിയന്ത്രിച്ചു നിറുത്തിയിരിക്കുന്ന രോഗം ഭയാനക അവസ്ഥയിൽ പടർന്നാൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനായിരിക്കും. ലോക്ക്‌ഡൗൺ പിൻവലിക്കുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. കൂടുതൽ രോഗബാധയുള്ള പ്രദേശങ്ങളിൽ ഒരു ലക്ഷം പേരിൽ 500 പേർക്കും മറ്റു പ്രദേശങ്ങളിൽ ഒരു ലക്ഷത്തിൽ 100 പേർക്കും ടെസ്റ്റുകൾ നടത്തി രോഗവ്യാപനത്തിന്റെ തോത് മനസിലാക്കിയ ശേഷമേ നിയന്ത്രണങ്ങളിൽ അയവുവരുത്താവൂ എന്നും പ്രസ്താവനയിൽ പറഞ്ഞു.