പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറ, വേങ്കൊല്ല, കൊല്ലായിൽ, ഇലവു പാലം എന്നീ വാർഡുകൾ അതീവ ജാഗ്രത മേഖലയായിരിക്കും. പെരിങ്ങമ്മലയുടെ തൊട്ടടുത്ത പഞ്ചായത്തായ കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ജില്ലാ അതിർത്തിയായ അരിപ്പ, മടത്തറ, ചല്ലിമുക്ക് എന്നിവിടങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചല്ലി മുക്കിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ പേരിൽ കേസെടുക്കുമെന്നും കടകളിൽ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു. പെരിങ്ങമ്മല ജംഗ്ഷനിലും പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപവും പരിശോധന കർശനമാക്കി. ജില്ലയിലേക്ക് വരുന്ന ചരക്കു വാഹനങ്ങൾ പരിശോധിക്കാൻ സി.സി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ കാട്ടുവഴികളിലൂടെ ആളുകൾ കുളത്തൂപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്നത് തടയാൻ വനം വകുപ്പുമായി ചേർന്ന് പരിശോധന വിപുലമാക്കും. പ്രതിരോധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്ന് രാവിലെ പഞ്ചായത്ത് അധികാരികളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഒരു യോഗം മടത്തറ സ്കൂളിൽ നടക്കുമെന്ന് പാലോട് സി.ഐ അറിയിച്ചു.