kodiyeri-balakrishnan-

തിരുവനന്തപുരം:സ്പ്രിൻക്ളർ വിവാദത്തിൽ പ്രതിപക്ഷത്തിനെ നിശിതമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഡാറ്റാ ചോർച്ച തടയാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് സ്പ്രിൻക്ളർ കരാറിൽ ഒപ്പിട്ടത്. കൊവിഡ് പ്രതിസന്ധിക്കുശേഷം പാർട്ടി ഇക്കാര്യം വിശദമായി പരിശോധിക്കും. ഇടപാട് വാണിജ്യാവശ്യത്തിനുള്ളതല്ല.രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടും. ‌ജനങ്ങളെ സത്യം ബോധ്യപ്പെടുത്താൻ പാർട്ടി ഘടകങ്ങൾ രംഗത്തിറങ്ങും.അസാധാരണമായ സാഹചര്യത്തിൽ സ്വീകരിച്ച നിലപാടിന് പാർട്ടിയുടെ പൂർണപിന്തുണയുണ്ട്.


പ്രതിപക്ഷത്തിന്റെ പ്രചാരവേലയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. വിവരങ്ങൾ ചോരില്ല. ഡാറ്റാ സംരക്ഷണം സംബന്ധിച്ച് സി.പി. ഐയ്ക്കും സി.പി.എമ്മിനും ഒരേ നിലപാടാണ്. കാനവുമായി പ്രശ്നം വിശദമായി ചർച്ചചെയ്തു. ഇനിയും ആശയവിനിമയം നടത്തും. എൽ.ഡി.എഫിൽ റിപ്പോർട്ട് ചെയ്യും. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ ഒരു വസ്തുതയുമില്ല. വിവാദം നിലനിറുത്താൻ ഉണ്ടാക്കിയ ഉപകഥ മാത്രം. ഒരു തെളിവുമില്ല.ഇത് ചാരക്കേസിൽ കരുണാകരന്റെ കുടുംബത്തെ പ്രതിക്കൂട്ടിൽ നിറുത്താൻ ശ്രമിച്ചതിന് സമാനമാണ്.


കൊവിഡ് പ്രതിരോധത്തിലെ ഒരുമ പ്രതിപക്ഷം അട്ടിമറിച്ചു. സർക്ക‍ാരിനേയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്താൻ അവർ ശ്രമിക്കുന്നു. മനുഷ്യജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ അവർക്ക് പ്രധാനം രാഷ്ട്രീയലക്ഷ്യങ്ങളാണ് - കോടിയേരി പറഞ്ഞു.