കല്ലമ്പലം: കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന സ്വകാര്യ ഫർണിച്ചർ മാർട്ടിൽ തീ പിടിത്തം. കഴിഞ്ഞ ദിവസം രാവിലെയാണ് ചാത്തമ്പറ പറക്കുളം എൽ.പി.എസിന് എതിർവശത്തുള്ള സ്വകാര്യ ഫർണിച്ചർ കടയ്ക്ക് തീ പിടിച്ചത്. കടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആറ്റിങ്ങൽ അഗ്നിശമനസേനയും കെ.എസ്.ഇ.ബി അധികൃതരും വൈദ്യുതി ബന്ധം വേർപ്പെടുത്തിയ ശേഷം തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സമയബന്ധിതമായ ഇടപെടലിലൂടെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.