കാട്ടാക്കട: കാട്ടാക്കടയിൽ ഭൂമാഫിയകൾ യുവാവിനെ ജെ.സി.ബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ കാട്ടാക്കട ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ വിമുക്തഭടൻ സംഗീത് (34) ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 14 പ്രതികൾ കുറ്റപത്രത്തിലുണ്ട്. ഇക്കഴിഞ്ഞ ജനുവരി 24 ന് പുലർച്ചെയായിരുന്നു സംഭവം. മനഃപൂർവമുള്ള കൊലയാണെന്നും, അനുമതിയില്ലാതെ മണ്ണെടുത്തത് ചോദ്യം ചെയ്തതും, പൊലീസിനെ വിവരം അറിയിച്ചതുമാണ് കൊലയ്ക്ക് കാരണമെന്നും 1500 പേജുള്ള കുറ്റപത്രത്തിലുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ജെ.സി.ബിയുടെ ഡ്രൈവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ (29), മണ്ണെടുക്കുന്നത് തടഞ്ഞപ്പോൾ സംഗീതിനെ ഇടിച്ചിട്ട ടിപ്പറിന്റെ ഡ്രൈവർ പ്ലാവൂർ കൊല്ലകോണം കുഴിവിള വീട്ടിൽ ലിനു മഹേഷ് (30), ജെ.സി.ബി സ്ഥലത്തെത്തിച്ച ചാരുപാറ കോട്ടേയ്ക്കോണം വീട്ടിൽ സജു എന്ന സ്റ്റാൻലി ജോൺ, മണ്ണ് കടത്തിയ ടിപ്പർ ലോറി ഉടമ കിഴമച്ചൽ പദ്മിനി നിവാസിൽ ഉത്തമൻ എന്ന മണികണ്ഠൻ (34), ഡ്രൈവർ കട്ടയ്ക്കോട് കാര്യോട്ടുകോണം കുളത്തിൻകര വീട്ടിൽ ബൈജു (36), ക്ളീനർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ (25), പ്രായപൂർത്തിയാകാത്തയാൾ, ടിപ്പർ ലോറിയുടെ ക്ളീനർ കൊറ്റംപള്ളി സ്വദേശി സുജിത് (28), പ്രതികളെ ഒളിവിൽ പോകാനും യന്ത്രങ്ങൾ ഒളിപ്പിക്കാനും സഹായിച്ച ഒറ്റശേഖരമംഗലം സ്വദേശി ഉണ്ണി (ലാൽ), കുമാർ (32), മണ്ഡപത്തിൻകടവ് ഇടവാൽ സ്വദേശി അനീഷ്, വാഹനങ്ങൾ ഒളിപ്പിക്കാൻ സഹായിച്ച ഉത്തമന്റെ ബന്ധു കാട്ടാക്കട സ്വദേശി സനൽകുമാർ (30), മണ്ഡപത്തിൻകടവ് ഇടവാൽ സ്വദേശി വിഷ്ണു ജി.നായർ (31), സംഭവത്തിൽ ഉൾപ്പെട്ട ജെ.സി.ബി, ടിപ്പർ എന്നിവയുടെ ആർ.സി ഓണർ ചാരുപാറ കോട്ടേക്കോണം വീട്ടിൽ തങ്കമണി 40, ഇടിച്ചിട്ട മണ്ണ് വാങ്ങിയ ജസ്റ്റിൻ എന്നിവരാണ് യഥാക്രമം ഒന്ന് മുതൽ 14 വരെയുള്ള പ്രതികളെന്ന് കുറ്റപത്രത്തിൽ പറയുന്നു.