തിരുവനന്തപുരം: കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാൻ മുൻനിര താരങ്ങളും ടെക്നീഷ്യന്മാരും അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്ന് ചലച്ചിത്ര നിർമ്മാതാക്കൾ. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേർന്നുള്ള കൂട്ടായ ചർച്ചയ്ക്കു ശേഷമായിരിക്കും ചലച്ചിത്ര മേഖല പുനഃരാരംഭിക്കുക. എല്ലാവരും സഹകരിച്ചാൽ മാത്രമേ സിനിമാ നിർമ്മാണവും വിതരണവും പഴയപടിയാകൂ. പ്രതിഫലം കുറയ്ക്കണമെന്ന നിർദ്ദേശത്തോട് അഭിനേതാക്കളുടേയും സങ്കേതിക പ്രവർത്തകരുടേയും സംഘടനകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്ക് ഡൗണിന് ശേഷം എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും നിർമ്മാതാക്കളുടെ സംഘടന ഇതിന് മുൻകൈയെടുക്കുമെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി. ചലച്ചിത്ര മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ നിരവധി താരങ്ങൾ മുന്നോട്ട് വന്നെങ്കിലും പ്രതിസന്ധി മറികടക്കാനായിട്ടില്ല. തിയേറ്റർ വരുമാനം, ടെലിവിഷൻ ചാനൽ റൈറ്റ്സ് എന്നിവയിലെല്ലാം അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ നിർമ്മാണ ചെലവ് കുറയ്ക്കാതെ സിനിമാ മേഖലയ്ക്ക് തിരിച്ചുവരാനാകില്ലെന്നാണ് സംഘടനയുടെ അഭിപ്രായം.
"പ്രിയദർശന്റെ മരയ്ക്കാർ പോലൊരു ബിഗ് ബഡ്ജറ്റ് സിനിമ പോലും എപ്പോൾ റിലീസ് ചെയ്യാനാകുമെന്ന് ആലോചിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ചൈനീസ് ഭാഷയിൽ ഉൾപ്പെടെ ഡബ്ബ് ചെയ്ത സിനിമയുടെ വേൾഡ് റിലീസൊക്കെ പഴയ പോലെ സാദ്ധ്യമാകണമെങ്കിൽ സമയമെടുക്കും. ലോക്ക് ഡൗൺ തീർന്നാലുടൻ സിനിമാ സംഘടനാ പ്രതിനിധികളുടെ ചർച്ചയുണ്ടാകും."
(ജി.സുരേഷ് കുമാർ, നിർമ്മാതാവ്)