ന്യൂഡൽഹി: കൊവിഡ് വ്യാപനമില്ലാത്ത സ്ഥലങ്ങളിൽ മദ്യ വിൽപ്പന പുനരാരംഭിക്കണമെന്നമെന്ന് മദ്യ നിർമാതാക്കളുടെ സംഘടനയായ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ആൾക്കഹോളിക് ബിവറേജ് കമ്പനീസ് ആവശ്യപ്പെട്ടു. വിഷയത്തിൽ അനുമതി നൽകുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. അടച്ചിടലിനെ തുടർന്ന് കമ്പനികൾ വലിയ സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണ് സംഘടന സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതിയത്.
രാജ്യ വ്യാപകമായ അടച്ചിടലിനെ തുടർന്ന് 20,000 കോടിയുടെ വരുമാന നഷ്ടമാണ് ഇക്കാലയളവിൽ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് മദ്യ വിൽപനശാലകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാരുകൾ അനുമതി നൽകണമെന്നും ഓൺലൈൻ ആയുള്ള മദ്യ വിൽപ്പന അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഭാവിയിലും സാമൂഹിക അകലം പാലിച്ച് മദ്യ വിൽപ്പന സാദ്ധ്യമാക്കുന്നതിന് സംസ്ഥാന സർക്കാരുകൾ മദ്യ വിൽപ്പനാ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരണം. മദ്യ നിർമാണം, സംഭരണം, വിതരണം എന്നിവയുടെ മേൽനോട്ടത്തിന് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.