തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള മാസ്‌കുകൾ അമ്മ നിർമ്മിച്ച് വിതരണം ചെയ്യുന്നതു കണ്ടപ്പോൾ രാജിയുടെ മനസും വെമ്പി. തനിക്കും പങ്കാളിയാകണം. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന രാജി അമ്മ തുന്നുന്നത് നോക്കിനിന്നു. അടുത്ത ദിവസം ആ തയ്യൽ മെഷീനരികിൽ ഇരുപ്പുറപ്പിച്ച രാജി ദിവസങ്ങൾക്കുള്ളിൽ തുന്നിക്കൂട്ടിയത് നൂറുകണക്കിന് മാസ്‌കുകൾ. തിരുമല കുന്നപ്പുഴ തിരുവാതിരയിൽ പ്രഭാ ഉണ്ണിയുടെയും രാധാകൃഷ്ണൻ ഉണ്ണിയുടെയും മകളാണ് രാജി (30). മന്ത്രി കെ.കെ. ശൈലജയെ കണ്ട് മാസ്‌കുകൾ രാജി കൈമാറിയപ്പോൾ തോളിൽ തലോടി പറഞ്ഞു-നന്നായി വരട്ടെ. രാജിയെപ്പോലുള്ള തയ്യലറിയാവുന്നവർ മാസ്‌ക് നിർമ്മാണവുമായി മുന്നോട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു.
പ്രഭാ ഉണ്ണി നേതൃത്വം നൽകുന്ന മദർ ക്യൂൻ ഫൗണ്ടേഷന്റെ പേരിലാണ് മാസ്‌ക് നിർമ്മാണം. ഇതിനോടകം ആയിരക്കണക്കിന് മാസ്‌കുകൾ നിർമ്മിച്ച് പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും സൗജന്യമായി നൽകി. കഴിയുന്നത്രയും മാസ്‌കുകൾ ഇനിയും നിർമ്മിച്ച് നൽകുന്നതിനുള്ള ശ്രമത്തിലാണ് രാജി. പെയിന്റിംഗ്, ജുവലറി വർക്‌സ് എന്നിവയും രാജി ചെയ്യും. നിരവധി എക്‌സിബിഷനുകളിൽ അവ പ്രദർശിപ്പിച്ചിട്ടുമുണ്ട്. റെയിൽവേ ഉദ്യോഗസ്ഥനായ അച്ഛന്റെ പ്രോത്സാഹനമാണ് രാജിയുടെ ശ്രമങ്ങൾക്ക് കൂട്ടാകുന്നത്.