ലക്നൗ: ലോക്ക് ഡൗൺ ലംഘിച്ച് ഉത്തർപ്രദേശിൽ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചതിന് ബി.ജെ.പി പ്രാദേശിക നേതാവടക്കം 20 പേർക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിലെ പാൻപൂർ ഗ്രാമത്തിലാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.
ഗ്രാമത്തിൽ ആളുകൾ ഒത്തുകൂടി ക്രിക്കറ്റ് മാച്ച് നടക്കുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനും ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് ബി.ജെ.പി നേതാവ് സുധീർ സിംഗിനെതിരെ കേസെടുത്തത്. സംഭവത്തിൽ പകർച്ചവ്യാധി നിയമപ്രകാരമടക്കമാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ രോഗികളുള്ള പ്രദേശങ്ങളിൽ പൂൾ ടെസ്റ്റിംഗ് നടത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം. ലോക്ക്ഡൗൺ നടപടികൾ ലംഘിച്ചുകൊണ്ട് രാജസ്ഥാനിലേക്ക് 300 ബസുകൾ അയക്കാൻ തീരുമാനിച്ച യോഗിയുടെ നടപടി ഏറെ വിവാദമായിരുന്നു.
ആഗ്രയിൽനിന്ന് 200 ബസും ഝാൻസിയിൽനിന്ന് 100 ബസുകളും രാജസ്ഥനിലെ കോട്ടയിലേക്ക് അയയ്ക്കാനാണ് തീരുമാനിച്ചത്. വിവിധ പരീക്ഷകളുടെ തയ്യാറെടുപ്പുകൾക്കായി കോട്ടയിൽ തങ്ങിയ വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതിനുവേണ്ടിയാണിത്.