തിരുവനന്തപുരം: വിവര സുരക്ഷാ വിഷയത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും ദേശീയതലത്തിൽ ഒരേ നിലപാടാണെന്നും, അതിൽ നിന്ന് പിറകോട്ട് പോയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത് സാധാരണ അവസ്ഥയിൽ മുറുകെപ്പിടിക്കേണ്ട നിലപാടാണ്. എന്നാൽ ,സ്പ്രിൻക്ലർ ഇടപാട് അസാധാരണ സാഹചര്യത്തിൽ സ്വീകരിക്കേണ്ടി വന്നതാണ്. സി.പി.എമ്മിലോ, സി.പി.ഐയിലോ ചർച്ച ചെയ്തല്ല തീരുമാനിച്ചത്. സ്ഥിതി ശാന്തമാകുമ്പോൾ പരിശോധിക്കേണ്ടതുണ്ടെങ്കിൽ പരിശോധിക്കും.. സി.പി.ഐ സഹോദരപാർട്ടിയാണ്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ പരസ്പരം തുറന്ന് ചർച്ച ചെയ്യുന്ന സമീപനം രണ്ട് പാർട്ടികൾക്കുമുണ്ട്. സി.പി.ഐയുമായി ഏത് ചർച്ചയ്ക്കും വൈമനസ്യമില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും താനും ആശയവിനിമയം നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. സി.പി.ഐയുമായി ഇനിയും സംസാരിക്കാൻ തടസ്സമില്ല. ഇടതുമുന്നണി ചേരുമ്പോഴും കാര്യങ്ങൾ പരിശോധിക്കും.
ശേഖരിക്കുന്ന ഡേറ്റ വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിക്കില്ലെന്നുള്ള വ്യവസ്ഥ കരാറിലുണ്ട്. വിവരങ്ങൾ ചോർന്ന് പോകാതിരിക്കാനുള്ള നടപടികളെല്ലാം സർക്കാർ സ്വീകരിച്ചു. 80 ലക്ഷം പേരെ കൊവിഡ് പിടികൂടുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് ചെയ്തത്. അത്രയും പേരുടെ വിവരം ശേഖരിക്കാൻ ഐ.ടി വകുപ്പിന് ശേഷിയില്ല. ആറ് മാസത്തേക്ക് അമേരിക്കൻ മലയാളിയുടെ കമ്പനിയിൽ നിന്ന് സൗജന്യസേവനം സ്വീകരിക്കാൻ തയാറായത് അങ്ങനെയാണ്.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം വസ്തുതാവിരുദ്ധമാണ്.വസ്തുതയുണ്ടെങ്കിൽ തെളിവ് കൊണ്ടുവരണ്ടേ? കേരളത്തിലെ കോൺഗ്രസുകാർ ഇത്തരം കാര്യങ്ങളിൽ ഒരു മര്യാദയും കാട്ടാത്തവരാണ്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെതിരായ ചാരക്കേസിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ എന്തെല്ലാം ആരോപണങ്ങളുയർത്തി? അതിന്റെ ആവർത്തനമാണിപ്പോൾ. കൊവിഡ് പ്രതിരോധത്തിൽ കേരളം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ അതിനെ അട്ടിമറിക്കാൻ സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം-. കോടിയേരി പറഞ്ഞു.
വാർത്താസമ്മേളനം വീഡിയോ കോൺഫറൻസുലൂടെ എ.കെ.ജി സെന്ററിലെ വാർത്താസമ്മേളന ഹാളിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് കോടിയേരി വാർത്താലേഖകരുമായി സംവദിച്ചത്. എ.കെ.ജി സെന്ററിൽ നിന്നയച്ച പ്രത്യേക ലിങ്ക് വഴിയാണ് മാദ്ധ്യമപ്രവർത്തകർ എ.കെ.ജി സെന്ററിലേക്ക് കണക്ട് ചെയ്തത്. അവസരം കിട്ടുമ്പോൾ നേരിട്ട് കാണാൻ ശ്രമിക്കാമെന്ന് അദ്ദേഹം പറഞ്ഞു.ആരോഗ്യസ്ഥിതി ആരാഞ്ഞപ്പോൾ, 'കണ്ടിട്ടെങ്ങനെയുണ്ട് അതുതന്നെയാണ് സ്ഥിതി' എന്ന് ചിരിച്ച് മറുപടി നൽകി. പതിവ് ശൈലിയിൽ പൂർണ ആരോഗ്യവാനായിരുന്നു കോടിയേരി.