മലയിൻകീഴ് : ചീനിവിള - പോങ്ങുംമൂട് റോഡിൽ മഹിമാ ക്ലബിന് സമീപത്തെ മരം വീണ് വീടും ആറ് ഇലക്ട്രിക് പോസ്റ്റും തകർന്നു. ഇന്നലെ ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലും മണിയൻപിള്ളയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ ഗൃഹനാഥ ശാരദാമ്മ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നെങ്കിലും ആളപായം ഉണ്ടായില്ല. ഈ വീട് ചായക്കടയായും പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക്ക് ഡൗൺ ആയതിനാൽ തുറക്കാറില്ല. തിരക്കേറിയ റോഡിന് സമീപത്തെ മരം കടപുഴകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആളുകൾ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന വിവരം നാട്ടുകാർ കെ.എസ്.ഇ.ബിയിൽ അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥരെത്തി ലൈനുകൾ വിഛേദിക്കുകയായിരുന്നു. കാട്ടാക്കട നിന്നെത്തിയ ഫയർഫോഴ്സ് മൂന്ന് മണിക്കൂറോളം ശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്.