sprinklr-issue

തിരുവനന്തപുരം: സ്‌പ്രിൻക്ലർ വിഷയത്തിൽ സി.ബി.ഐ അന്വേഷണം തന്നെയാണ് അഭികാമ്യം എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടത് വിവാദത്തിനിടയാക്കി. വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസി‌ഡന്റ് കെ.സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് എം.ടി. രമേശ് ഫേസ് ബുക്കിൽ അതിനു വിരുദ്ധമായ കുറിപ്പിട്ടത്. താൻ ഹൈക്കോടതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ മനസിലാക്കാതെയാണതെന്നായിരുന്നു അതിന് സുരേന്ദ്രന്റെ പ്രതികരണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി സുരേന്ദ്രൻ ചുമതലയേറ്റതിനെ തുടർന്ന് പാർട്ടിക്കകത്തുണ്ടായ തർക്കങ്ങൾ കെട്ടടങ്ങിയ ശേഷം ഇതാദ്യമായാണ് വീണ്ടും വിഭിന്ന സ്വരം ഉയരുന്നത്.

കൊവിഡ് വന്നതോടെ താഴേത്തലം മുതൽ ബി.ജെ.പി പ്രവർത്തകർ സജീവമായി സേവന രംഗത്തായിരുന്നു. ഇതിൽനിന്ന് ചുവടുമാറ്രി ഇന്ന് എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും അഞ്ച് ബി.ജെ.പി പ്രവർത്തകർ വീതം സ്‌പ്രിൻക്ലർ പ്രശ്നത്തിൽ പ്രതിഷേധിക്കാനിരിക്കേയാണ് ഭിന്നസ്വരം ഉയർന്നത്. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്രിയുടെ പ്രവർത്തനം നടക്കേവേ തങ്ങൾ പാർശ്വവത്കരിക്കപ്പെട്ടു എന്ന പരാതി എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ് വിഭാഗത്തിനുണ്ടായിരുന്നു. തങ്ങളുടെ അതൃപ്തി അറിയിക്കാനാണ് സ്‌പ്രിൻക്ലർ വിവാദത്തിൽ കിട്ടിയ തക്കം നോക്കി പ്രതികരിച്ചത് എന്നാണ് കരുതുന്നത്. എന്നാൽ, ഇതിനെ ഗൗരവമായി എടുക്കേണ്ടെന്നാണ് ഒൗദ്യോഗിക നേതൃത്വത്തിന്റെ നിലപാട്.
സ്‌പ്രിൻക്ലർ കരാർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ താൻ സമീപിച്ചതെന്ന് കെ.സുരേന്ദ്രൻ ഇന്നലെ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. മറ്റൊന്ന് വിവര സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നതാണ്. പ്രാഥമികഘട്ടത്തിൽ തന്നെ സി.ബി.ഐ അന്വേഷണത്തിനായുള്ള ആവശ്യം നിരാകരിക്കപ്പെട്ടാൽ ഉണ്ടാകുന്ന അപകടം മനസിലാക്കിയാണ് വിജിലൻസ് അന്വേഷണം കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊടുത്ത കേസിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സ്പ്രിൻക്ളർ :എതിർത്തും അനുകൂലിച്ചും ഹർജികൾ

* ഹൈക്കോടതി ഇന്ന് പരിഗണിക്കും കൊച്ചി : സ്പ്രിൻക്ളർ കരാറിനെ എതിർത്തും അനുകൂലിച്ചും ഹർജിയിൽ കക്ഷിചേരാൻ രണ്ടുപേർ കൂടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠൻ കരാർ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലു ഗോപാലകൃഷ്‌ണന്റെ ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയത്. സ്പ്രിൻക്ളർ കരാറിനെ എതിർക്കുന്നത് വഴി സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് കണ്ണൂർ സ്വദേശി സിദ്ധാർത്ഥ്. പി. ശശി അപേക്ഷ നൽകിയത്. അടുത്തിടെ കാനഡയിൽ നിന്ന് മടങ്ങിയെത്തിയ സി.ആർ. നീലകണ്ഠന്റെ മകന്റെ വിവരങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ശേഖരിച്ചിരുന്നു. ഈ വിവരങ്ങൾ വിദേശ കമ്പനിയായ സ്പ്രിൻക്ളറിന് കൈമാറുന്നത് നിയമപരമല്ലെന്നാണ് നീലകണ്ഠന്റെ അപേക്ഷയിലെ വാദം. കരാറിനെ എതിർത്ത് നേരത്തേ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു. സ്പ്രിൻക്ളർ കമ്പനിക്ക് കരാർ നൽകിയതിനെതിരായ ഹർജികളും കക്ഷി ചേരാനുള്ള അപേക്ഷകളും ഇന്ന് പരിഗണിക്കും.