walayar-case

തിരുവനന്തപുരം: പാലക്കാട് വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ നിയോഗിച്ച പി.കെ.ഹനീഫ കമ്മിഷൻ മുഖ്യമന്ത്റി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. വാളയാർ പൊലീസിന്റെ കേസന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടികളിലും വീഴ്ചയുണ്ടായോ എന്നാണ് റിട്ട. ജില്ലാ ജഡ്ജി പി.കെ ഹനീഫ കമ്മിഷൻ പരിശോധിച്ചത്. വാളയാർ അട്ടപ്പള്ളത്തുള്ള 13 വയസുകാരി പെൺകുട്ടി 2017 ജനുവരിയിലും ഒൻപതുവയസുള്ള പെൺകുട്ടി മാർച്ചിലുമാണ് അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചത്. സംഭവം ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ 28ന് പ്രവർത്തനം ആരംഭിച്ച കമ്മിഷൻ തിരുവനന്തുപുരം, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി ഒൻപത് സി​റ്റിംഗുകളാണ് നടത്തിയത്. മാർച്ച് 3ന് അവസാന സി​റ്റിംഗും പൂർത്തിയാക്കിയാണ് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള നിർദ്ദേശങ്ങൾ കൂടെ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പച്ചിട്ടുള്ളത്.