തിരുവനന്തപുരം: നെയ്യാർ വന്യജീവി സങ്കേതത്തിലൂടെ പോകുന്ന റോഡുകളുടെ കോൺക്രീറ്റിംഗിനുള്ള വൈൽഡ് ലൈഫ് അനുമതിക്കായി അമ്പൂരി പഞ്ചായത്ത് ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഓൺലൈൻ അപേക്ഷ ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. വനം വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചാക്കപ്പാറ പുരവിമല വഴി തെന്മല വരെ പ്രധാനമന്ത്റി ഗ്രാമീൺ സഡക്ക് യോജന പ്രകാരം റോഡ് നിർമ്മിക്കാനായിരുന്നു പദ്ധതി. ഇതിന് 5.4 ഹെക്ടർ വനഭൂമി ആവശ്യമാണ്. ഇതിന്റെ അനുമതിക്കായി മുഖ്യമന്ത്റി അദ്ധ്യക്ഷനായ സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചെങ്കിലും റോഡ് നവീകരണം കേന്ദ്ര വനം പരിസ്ഥിതി മന്ത്റാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി.
എന്നാൽ നെയ്യാർ വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡുകളുടെ കോൺക്രീറ്റിംഗ് പഞ്ചായത്തിന്റെ ഫണ്ടിൽ നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചു. വനമേഖലയ്ക്ക് പുറത്ത് ടാർ മിക്സിംഗ് നടത്തിയ ശേഷം ടാർ സൈറ്റിലെത്തിച്ച് റോഡ് നിർമ്മാണ ജോലികൾ നിർവഹിക്കാമെന്ന വ്യവസ്ഥയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാണ് വൈൽഡ് ലൈഫ് വാർഡൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറോട് നിർദ്ദേശിച്ചത്. എന്നാൽ അപേക്ഷ നൽകിയില്ല. ഈ സാഹചര്യത്തിലാണ് അപേക്ഷ നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്.
എഴുനൂറിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന അമ്പൂരി ചക്കപാറ സെറ്റിൽമെന്റ് കോളനിയിലൂടെ റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പൂരി പഞ്ചായത്ത് അംഗം ഷിബു സമർപ്പിച്ച പരാതിയിലാണ് നടപടി.