തിരുവനന്തപുരം:കൊവിഡ് ഹോട്ട് സ്പോട്ടായ തിരുവനന്തപുരം നഗരത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുത്തു തുടങ്ങി.ആദ്യ ദിനമായ ഇന്നലെ 29 കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു. ലോക്ക് ഡൗൺ ലംഘിച്ച 119 പേർക്കെതിരെ ഇന്നലെ കേസെടുക്കുകയും 85 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ച 108 പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരവും അനാവശ്യമായി യാത്ര ചെയ്ത 11 പേർക്കെതിരെയുമാണ് കേസെടുത്തത്. വലിയതുറ, കഴക്കൂട്ടം, പേട്ട സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ. 85 വാഹനങ്ങളാണ് ഇന്നലെ പിടിച്ചെടുത്തത്. 79 ഇരുചക്ര വാഹനങ്ങളും 3 ആട്ടോറിക്ഷകളും 2 കാറുകളും 1 ലോറിയുമാണ് പിടിച്ചെടുത്തത്.സിറ്റി പെലീസിന്റെ 'റോഡ് വിജിൽ ആപ്പ്' വഴി നടത്തിയ പരിശോധനയിലാണ് കൂടുതൽ പേരും പിടിയിലായത്.
നഗരത്തിലേക്ക് കടക്കാൻ
നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും 6 അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതുവഴി മാത്രമേ യാത്രക്കാരെ നഗരത്തിനുള്ളിലേക്ക് കടത്തിവിടൂ. മണ്ണന്തല മരുതൂർ, കഴക്കൂട്ടം വെട്ടുറോഡ്, പേരൂർക്കട വഴയില, കുണ്ടമൺകടവ്, പ്രാവച്ചമ്പലം, വിഴിഞ്ഞം മുക്കോല എന്നീ സ്ഥലങ്ങളിലെ അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ വഴിയാണ് വാഹനങ്ങളെയും യാത്രക്കാരെയും നഗരത്തിനുള്ളിലേക്ക് കടത്തിവിടുക.
പൊലീസ് നിർദ്ദേശങ്ങൾ
ലോക്ക് ഡൗൺ നിയന്ത്റണങ്ങൾ കർശനമായി തുടരും
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ
പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക്, തൂവാല കൊണ്ട് വായും മൂക്കും മറയ്ക്കണം
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടി കർക്കശമാക്കും
അവശ്യസേവനങ്ങൾക്ക് ഒഴികെയുള്ള നിയന്ത്റണങ്ങൾ കർശനമായി തുടരും
മെഡിക്കൽ ഷോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ പ്രവർത്തിപ്പിക്കാവൂ