kunnampara

മലയിൻകീഴ് : ശക്തമായ കാറ്റിൽ മരങ്ങൾ വീണ് മലയിൻകീഴ്, വിളപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. മലയിൻകീഴ് കുന്നുംപാറ വാർഡിൽ മരം വീണ് 4 വീടുകൾക്ക് നാശനഷ്ടമുണ്ടായി. കുന്നുംപാറ വടവൂർക്കോണം മനോജ് ഭവനിൽ തങ്കമണി, ചന്തു ഭവനിൽ രമ, വടവൂർക്കോണം മേക്കുംകരവീട്ടിൽ സുലോചന, അനിലിന്റെ അനശ്വരഭവൻ എന്നീ വീടുകളാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. കുന്നുംപാറ നന്ദന്റെ വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു. അനിലിന്റെ വീടിന്റെ ഷീറ്റിട്ട മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി. സുലോചനയുടെ വീടിനു മുകളിൽ തെങ്ങ് വീണാണ് മേൽക്കൂര തകർന്നത്. വിളപ്പിൽശാല, കാരോട് വിളയിൽവീട്ടിൽ മുരുകൻ, സമീപവാസി മഞ്ചു എന്നിവരുടെ വീടുകൾക്ക് മുകളിൽ റബർ മരംവീണ് മേൽക്കൂര തകർന്നു.