pinaryi-

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അവർ തമ്മിൽ സാധാരണ കാണാറുണ്ട്. പല കാര്യങ്ങളും ചർച്ച ചെയ്യാറുമുണ്ട്. അതിലൊന്നും ആശ്ചര്യകരമായി ഒന്നുമില്ല. കാനം രാജേന്ദ്രനെ ഐ.ടി സെക്രട്ടറി പോയി കണ്ടതിനെപ്പറ്റി തനിക്കറിയില്ല. അത് സെക്രട്ടറിയോട് ചോദിക്കണം.

സ്പ്രിൻക്ലർ ഇടപാട് മന്ത്രിസഭ ചർച്ച ചെയ്യാത്തതും നിയമവകുപ്പ് പരിശോധിക്കാത്തതുമെല്ലാം അസ്വാഭാവിക നടപടിയല്ലേയെന്ന ചോദ്യത്തിന്, സംസ്ഥാനത്തും രാജ്യത്തും പല കാര്യങ്ങളും നമുക്കവകാശപ്പെട്ടത് ഇപ്പോൾ നടക്കുന്നില്ലല്ലോ എന്നായിരുന്നു മറുചോദ്യം. നാമേതെങ്കിലും ഘട്ടത്തിൽ ആരാധനാസ്വാതന്ത്രം വിലക്കിയിരുന്നോ? അതിപ്പോൾ വേണ്ടി വന്നില്ലേ. ഇതൊരു പ്രത്യേക സാഹചര്യമാണ്. അതിനനുസരിച്ചുള്ള പ്രത്യേക നടപടി ഇവിടെയുമുണ്ടായിട്ടുണ്ടാകും.

കമല ഇന്റർനാഷണൽ

നേരത്തേ കേട്ടിരുന്നോ?

മുഖ്യമന്ത്രിയെ പഴയ ലാവ്‌ലിൻ ബാധ പിടി കൂടിയിരിക്കുകയാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വാർത്താലേഖകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ,പഴയ കഥകളിലേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞ് അദ്ദേഹം വാചാലനായി.

'നിങ്ങൾക്കറിയാത്ത കഥകളും കാണും. കമല ഇന്റർനാഷണലിനെപ്പറ്റി നേരത്തേ കേട്ടിരുന്നോ? എന്റെ ഭാര്യയുടെ പേരാണ് കമല. ഭാര്യയുടെ പേരിൽ കമല ഇന്റർനാഷണൽ എന്ന സ്ഥാപനം വിദേശത്തുണ്ടെന്നായി ആക്ഷേപം. എന്റെ വീടിനെപ്പറ്റി രമ്യഹർമ്യം, പൊന്നാപുരം കോട്ട എന്നെല്ലാം പറഞ്ഞ് ചിത്രം പ്രദർശിപ്പിച്ചത് നിങ്ങളും കണ്ടിട്ടുണ്ടാവും. മകൾ പഠിക്കാൻ കോയമ്പത്തൂരിൽ അമൃതാനന്ദമയിയുടെ കോളേജിൽ ചേർന്നതിനെപ്പറ്റി വാർത്ത വന്നു. പഠനം കഴിഞ്ഞയുടനെ ഒറാക്കിളിൽ അവൾക്ക് ജോലി കിട്ടിയത് വാർത്തായായില്ല. അത് പിണറായി വിജയന്റെ സ്വാധീനം കൊണ്ടാണെന്ന് പറയാനാവാത്തത് കൊണ്ടാവും. മകന്റെ പഠനത്തെപ്പറ്റിയും എന്തെല്ലാം വാർത്തയായിരുന്നു.

ഒന്നും ഞാൻ

മറന്നിട്ടില്ല

ലാവ്‌ലിന്റെ ഭാഗമായി എന്താണ് നടന്നത്. യു.ഡി.എഫ് സർക്കാർ അവരുടെ വിജിലൻസുകാരെ ഏല്പിച്ചിട്ട് തെളിവില്ലെന്ന് റിപ്പോർട്ട് ചെയ്തതാണ്. അതിന് ശേഷമാണ് മന്ത്രിസഭയിൽ കൊണ്ടുപോയി സി.ബി.ഐ അന്വേഷിക്കാൻ ഏർപ്പാടാക്കിയത്. എന്തെല്ലാം കള്ളത്തെളിവുകളുണ്ടാക്കാൻ ശ്രമിച്ചു. കോടതിയുടെ വിശദമായ പരിശോധനയിലല്ലേ, കേസ് നിലനിൽക്കില്ലെന്ന് വന്നത്. ഒന്നും മറന്നു പോയിട്ടില്ല. എന്നെ വേട്ടയാടുന്നലതിലല്ല. അത്തരം ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാട് നിങ്ങൾക്കുമറിയാം. എന്തെങ്കിലും ആരോപണം കൊണ്ടുവന്നിട്ട് നിങ്ങളെക്കൊണ്ട് ചോദിപ്പിക്കാനിടയാക്കിയവരെപ്പറ്റിയാണ് പറഞ്ഞത്. നിങ്ങൾ അന്വേഷണാത്മക പത്രപ്രവർത്തകരല്ലേ. ഇപ്പോൾ എന്തെങ്കിലുമുണ്ടോയെന്ന് കണ്ടെത്തിക്കോളൂ'.

സാലറി ചലഞ്ചിൽ കേന്ദ്രനിർദ്ദേശം സംസ്ഥാനം ലംഘിച്ചെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ, അത് അദ്ദേഹത്തിനുള്ള വിവരമായിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.