തിരുവനന്തപുരം:ജില്ലയിൽ പുതുതായി ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.13 ദിവസത്തിനു ശേഷം ജില്ലയിൽ ഒരാൾക്ക് കൊവിഡ് പൊസിറ്റീവാകുന്നത്. വർക്കല പുത്തൻചന്ത സ്വദേശിയായ 44 കാരനാണ് വിദേശത്ത് നിന്നെത്തി 36-ാം ദിവസം രോഗം സ്ഥിരീകരിച്ചത്. മാർച്ച് 19ന് ഷാർജയിൽ നിന്നെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കൊവിഡ് പോസിറ്റീവായി ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി.
നിരീക്ഷണ കാലയളവ് അവസാനിച്ചിട്ടും വർക്കല സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കി. ആകെ 17 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ രോഗമുക്തി നേടിയിരുന്നു. ഒരാൾ മരണപ്പെട്ടു. പുതുതായി 183 പേരാണ് ഇന്നലെ നിരീക്ഷണത്തിലായത്. 88 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി. ഇന്നലെ പുതുതായി 23 പേരെകൂടി രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.11 പേരെ ഡിസ്ചാർജ് ചെയ്തു. 27 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ലഭിച്ച 39 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.
മെഡിക്കൽ കോളേജിൽ 19 പേരും ജനറൽ ആശുപത്രിയിൽ 8 പേരും എസ്.എ.ടി.ആശുപത്രിയിൽ 2 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിൽ 14 പേരും ഉൾപ്പെടെ 44 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹനപരിശോധനയിൽ ഇന്നലെ 9475 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.
ആകെ നിരീക്ഷണത്തിലുള്ളവർ 1,489
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 1,379
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 44
കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ 66
പുതുതായി നിരീക്ഷണത്തിലായവർ 183