covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കിയിൽ നാല്, കോഴിക്കോടും കോട്ടയത്തും രണ്ട് പേർക്ക് വീതവും തിരുവനന്തപുരം,കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും നാലു പേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ഒരാൾ ദുബായിൽ നിന്നും തിരുവനന്തപുരത്ത് സ്ഥിരീകരിച്ചയാൾ ഷാർജയിൽ നിന്നും എത്തിയവരാണ്. കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലെ ഓരോരുത്തരാണ് ചെന്നൈയിൽ നിന്നും വന്നത്. ഇടുക്കിയിലെ ഒരാൾ മൈസൂരിൽ നിന്നും മറ്റൊരാൾ പൊള്ളാച്ചിയിൽ നിന്നും വന്നതാണ്. കോട്ടയത്ത് രണ്ടു പേർക്കും കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലെ ഓരോരുത്തർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് പകർന്നത്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വർക്കല സ്വദേശിയായ 44കാരൻ കഴിഞ്ഞമാസം 19നാണ് നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. സംസ്ഥാനത്ത് എട്ടു പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കാസർകോട് ആറു പേരുടേയും മലപ്പുറത്തും കണ്ണൂരും ഓരോരുത്തരുടേയും പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ 316 പേർ രോഗമുക്തി നേടി. 129 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്.