lela

തിരുവനന്തപുരം : ചവറിന് തീയിടുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റ വൃദ്ധകളിൽ ഒരാൾ മരിച്ചു. ഒരാൾ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുതരമായി പൊള്ളലേറ്റ നേമം കല്ലിയൂർ പുന്നമൂട് ഗോപികയിൽ ലീലയാണ് (73) മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ മരുമകളുടെ അമ്മ വിജയ കുമാരിയ്ക്കും (73) പൊള്ളലേറ്റു .
ഇന്നലെ രാവിലെ 7.30നാണ് സംഭവം. ചവർകൂന കത്തിക്കാൻ തീയിടുകയായിരുന്നു ലീല . മണ്ണെണ്ണയൊഴിച്ചപ്പോൾ തീ പടർന്ന് ഇവരുടെ ദേഹത്ത് പിടിക്കുകയായിരുന്നു . രക്ഷിക്കാൻ ശ്രമിക്കവേയാണ് വിജയകുമാരിക്കും തീ പൊള്ളലേറ്റതെന്നാണ് കരുതുന്നത് . വീട്ടുകാരും അയൽവാസികളും ചേർന്ന് വെള്ളം ഒഴിച്ച് തീ അണച്ച ശേഷം ഇരുവരെയും രണ്ട് ആംബുലൻസുകളിലായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മകൻ രാധാകൃഷ്ണനോടൊപ്പമായിരുന്നു ലീലയും രാധാകൃഷ്ണന്റെ ഭാര്യാമാതാവ് വിജയകുമാരിയും കുറേ നാളായി താമസം. ഇവർക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ലീലയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഫോട്ടോ. പൊളളലേറ്റ് മരിച്ച ലീല