തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറിൽ പൗരന്റെ അവകാശം ശരിയായി രീതിയിൽ ഉറപ്പുവരുത്തുന്ന വ്യവസ്ഥകളില്ലെന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടു. ഡേറ്ര സംഭരണത്തിനും വിശകലനത്തിനും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ എൻ.ഐ.സിയുടെ സഹായത്തോടെ ഏത് ആവശ്യവും നിറവേറ്രാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സ്പ്രിൻക്ലർ കേസിൽ ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ അസി.സോളിസിറ്റർ ജനറൽ പി.വിജയകുമാറാണ് കോടതിയിൽ പ്രസ്താവന ഹാജരാക്കിയത്.
ഒരു വ്യക്തിയിൽ നിന്ന് വിവര ശേഖരണം നടത്തുമ്പോൾ അയാളുടെ അനുവാദം വാങ്ങണമെന്ന് 2000ലെ ഇൻഫർമേഷൻ ആക്ട് പ്രതിപാദിക്കുന്നുണ്ട്. വിദേശത്തോ മറ്രോ ഉള്ള മൂന്നാം കക്ഷിക്കാണ് ഡേറ്ര കൈമാറ്റം ചെയ്യപ്പെട്ടതെങ്കിൽ അത് സംരക്ഷിക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. അവർ ഇന്ത്യയിലെ ഐ.ടി ആക്ട് പാലിക്കാൻ ബാദ്ധ്യതപ്പെട്ടവരാണ്. പുട്ടപ്പസ്വാമി കേസിൽ , സ്വകാര്യതയുടെ അവകാശം കോടതി അംഗീകരിച്ചതാണ്. ആരോഗ്യമേഖലയിലെപ്പോലെ അതിപ്രധാനമായ ഡേറ്ര കൈമാറുമ്പോൾ സർക്കാർ ഏജൻസിഅങ്ങേയറ്രത്തെ അവധാനത പാലിക്കേണ്ടതാണ്.
ഇന്ത്യക്കാരെ സംബന്ധിച്ച ഡേറ്ര സംരക്ഷിക്കാനായി ഇന്ത്യയിലെ ആധികാരിക ഡേറ്ര കേന്ദ്രത്തിലോ എൻ .ഐ.സിയിലോ സൂക്ഷിക്കേണ്ടതാണ്. വിദേശ കമ്പനിയുമായി ഡേറ്ര വിവരം കൈമാറുമ്പോൾ ഇന്ത്യൻപൗരന്റെ അനുവാദം വാങ്ങിയിട്ടുണ്ടോ എന്നുറപ്പ് വരുത്തേണ്ടത് കരാറിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നുംകേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.