തിരുവനന്തപുരം: മോഷണക്കേസിലെ പ്രതിയും കൂട്ടാളിയും ചാരായക്കടത്തിന് പിടിയിലായി. മാല പിടിച്ചുപറി കേസുകളിൽ പ്രതിയായ കരകുളം ചെക്കക്കോണം ഇടയ്‌ക്കോട് മേലേ പുത്തൻവീട്ടിൽ കണ്ണൻ സജീവ് എന്നുവിളിക്കുന്ന സജീവ് (30), ഇയാൾക്കൊപ്പം താമസിക്കുന്ന ബന്ധുവായ കുഞ്ഞുമോൻ എന്നുവിളിക്കുന്ന ബിജു (42) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 11 ഓടെ വഴയിലയിൽ വച്ചാണ് പ്രതികൾ പിടിയിലായത്. ഏഴ് ലിറ്റർ വാറ് റുചാരായവും പിടിച്ചെടുത്തു. ജീവൻരക്ഷാ മരുന്നുമായി കൊഞ്ചിറവിളയിലെ ഒരു ബന്ധുവീട്ടിലേക്ക് പോകുന്നുവെന്നാണ് പ്രതികൾ പൊലീസിനോടു പറഞ്ഞത്. പരസ്‌പര വിരുദ്ധമായി സംസാരിക്കുന്നതിൽ സംശയംതോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിന്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ചാരായം കണ്ടെത്തിയത്. തുടർന്ന് ബാഗിനുള്ളിൽ നിന്നും കുപ്പികൾ ലഭിച്ചു. ഫോണിലൂടെ ഓർഡറുകൾ ശേഖരിച്ചശേഷം ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ഇവരുടെ രീതി. പ്രായമായ സ്ത്രീകളെ പിന്തുടർന്ന് മാല പിടിച്ചുപറിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പ്രതിയാണ് കണ്ണൻ സജീവ്. ചാരായക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പേരൂർക്കട സി.ഐ സൈജുനാഥിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ സഞ്ചു ജോസഫ്, സുനിൽ, ഷിബു, വിൽബർ രാജ്, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ രാധാകൃഷ്ണൻ, ഹരിപ്രസാദ്, ശിവകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.