spinklr-

എറണാകുളം: വിവാദമായ സ്പ്രിൻക്ലർ കരാറിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പ്രിൻക്ലർ ഡാറ്റ ഇടപാടിനെ ന്യായീകരിച്ച് സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ കരാർ ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിയ്ക്ക് നൽകുന്നതിനെ കേന്ദ്രം ചോദ്യം ചെയ്യുന്നു. സംസ്ഥാന സർക്കാർ വാദങ്ങളെ അപ്പാടെ തള്ളിയാണ് കേന്ദ്രം കോടതിയെ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.

വൻ തോതിലുള്ള വിവര ശേഖരണത്തിന് കേന്ദ്ര സർക്കാരിന്റെ പക്കലുള്ള സംവിധാനങ്ങൾ പര്യാപ്തമാണെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്രം പറയുന്നു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ എത്ര വലിയ വിവരശേഖരണവും നിർവഹിക്കാൻ കേന്ദ്രസർക്കാരിന്റെ സൗകര്യങ്ങൾ സജ്ജമാണ്. എൻ.ഐ.സിയുടെ സഹായത്തോടെ വൻതോതിലുള്ള വിവര ശേഖരണം സാധ്യമാണ്. ആരോഗ്യ സേതു പദ്ധതി ഇതിനു ഉദാഹരണമായി കേന്ദ്രം എടുത്തു പറഞ്ഞു.

ആരോഗ്യ സേതു ആപ്പിൽ മാത്രം ഏഴ് കോടി പേരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും ഇത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അതീവ പ്രാധാന്യമുള്ള വിവരങ്ങൾ സർക്കാർ സംവിധാനത്തിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. സ്പ്രിൻക്ലർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പൗരന്റെ അവകാശം സംരക്ഷിക്കാൻ പോന്നവയല്ല. കരാറിന്റെ അധികാര പരിധി ന്യുയോർക്ക് ആക്കിയത് വ്യക്തി താത്പര്യത്തിന് എതിരാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഡാറ്റ ശേഖരിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കരാര്‍ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ചൂണ്ടികാണിക്കുന്നത്. വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലില്ല. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഐ.ടി ആക്ടിന് വിധേയമായിട്ടായിരിക്കണം. സ്പ്രിൻക്ലർ കരാറില്‍ അതുസംബന്ധിച്ച വ്യവസ്ഥകളില്ലെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.

അതേസമയം സ്പ്രിന്‍ക്ലര്‍ കരാറില്‍ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് പറയുന്നത്. സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് നല്‍കിയ കരാര്‍ അനുസരിച്ച്‌ നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.

സംസ്ഥാനത്തിന് സ്വന്തമായൊരു ഐ.ടി വിഭാഗം ഉണ്ടായിരിക്കെ എന്തിനാണ് മൂന്നാമതൊരു കമ്പനിയെ ഏല്‍പ്പിച്ചതെന്നും കോടതി ചോദിച്ചിരുന്നു. അസാധാരണ സാഹചര്യമാണ് മുന്നിലുണ്ടായിരുന്നത്. ജോണ്‍ ഹോപക്കിന്‍സ് യൂണിവേഴ്സിറ്റിയുടെ പഠനത്തില്‍ 80 ലക്ഷം പേര്‍ക്ക് കേരളത്തില്‍ കൊവിഡ് ബാധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ കണക്കുപ്രകാരം ജൂലൈയില്‍ 48 ലക്ഷത്തിലേറെ കേസുകള്‍ ഉണ്ടാവാം. രോഗം പെട്ടെന്ന് പടരുന്ന സാഹചര്യമുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് സ്‌പ്രിൻക്ലറിനെ സമീപിച്ചതെന്നും സര്‍ക്കാര്‍ ഏജന്‍സിക്ക് ഇത്തരമൊരു സാഹചര്യം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകില്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്പ്രിന്‍ക്ലര്‍ കമ്പനിക്കു കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനമുണ്ടായാല്‍ കമ്പനിക്കെതിരേ ന്യൂയോര്‍ക്കില്‍ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണ്. കരാറുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് ന്യൂയോര്‍ക്ക് കോടതിയുടെ നിയമപരിധി ബാധകമാകുന്നത്. സ്പ്രിന്‍ക്ലറുമായി ബന്ധപ്പെട്ട നിയമനടപടികളുടെ അധികാരപരിധിയായി നിശ്ചയിച്ചിട്ടുള്ളത് ന്യൂയോര്‍ക്കാണ്. അതിനാല്‍ കരാറുണ്ടാക്കുമ്പോള്‍ ഇക്കാര്യംകൂടി അംഗീകരിക്കേണ്ടി വരും. തര്‍ക്കങ്ങളുണ്ടായാല്‍ ഐ ടി. ആക്ട് പ്രകാരം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്താന്‍ സാധിക്കും. വിവര കൈമാറ്റത്തിനെതിരേ കൂടുതല്‍ ഗുണകരമായ രണ്ട്‌ േഡറ്റാ പ്രൊട്ടക്ഷന്‍ ആക്ടുകള്‍ ന്യൂയോര്‍ക്കിലുണ്ടെന്നും സത്യവാങ്മൂലത്തിൽ സംസ്ഥാനം വ്യക്തമാക്കുന്നു.

രോഗികളില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഇത് ആവശ്യമാണ്. വിവരങ്ങള്‍ വിലയിരുത്താന്‍ സാധ്യമായ സോഫറ്റ്‌വെയർ വികസിപ്പിച്ചെടുക്കാന്‍ സമയം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് സോഫറ്റ്‌വെയർ സേവനം ഉപയോഗിച്ചത്. വിവരങ്ങളുടെ വിലയിരുത്തലിനു വേണ്ടിയാണ് കമ്പനിയുടെ സോഫ്റ്റ്വേറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്. വിവരങ്ങള്‍ കൈമാറുന്നതില്‍നിന്ന് കമ്പനിയെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണു ശേഖരിക്കുന്നത്. ഇതില്‍ രണ്ടു ചോദ്യങ്ങള്‍ നിര്‍ണായകമാണെങ്കിലും ഇവകൂടി ശേഖരിക്കാതെ വിവര വിലയിരുത്തല്‍ സാധ്യമല്ലെന്നും സംസ്ഥാനം വ്യക്തമാക്കുന്നു.

കോടതി ഇന്ന് ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിലപാട് തേടാൻ സാധ്യതയുണ്ട്. കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ സംസ്ഥാന ഇന്ന് കോടതിയിൽ മറുപടി പറയും. കൊവിഡിനിടെ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സ്‌പ്രിൻക്ലർ ഇടപാടിലെ കോടതി നിലപാട് മുഖ്യമന്ത്രിക്കും സർക്കാരിനും പ്രതിപക്ഷത്തിനും ഏറെ നിർണായകമാണ്.