kanam-rajendran

തിരുവനന്തപുരം: സ്പ്രിന്‍ക്ളര്‍ വിവാദത്തെപ്പറ്റി മൗനം പാലിച്ച് യു.ഡി.എഫിനെയും ബി.ജെ.പിയും വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് കാനം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. അതേസമയം സ്പ്രിൻക്ലർ ഇടപാടിനെപ്പറ്റിയോ ഡാറ്റ കൈമാറ്റത്തെപ്പറ്റിയോ സി.പി.എം. – സി.പി.ഐ ചര്‍ച്ചയെ കുറിച്ചോ ലേഖനത്തിൽ പരാമർശമില്ല.

സര്‍ക്കാര്‍ കൊവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടെയും നിലപാടുകള്‍ സംസ്ഥാന താത്പര്യത്തിന് ഉതകുന്നതല്ലെന്ന് കാനം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷനുകള്‍, റേഷന്‍ വിതരണം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലോകത്തിന് തന്നെ മാതൃകയാണ്. ദുരന്തവേളയില്‍ അതിജീവിക്കാന്‍ പരിശ്രമിച്ച ആരോഗ്യമന്ത്രിയെപ്പോലും പ്രതിപക്ഷം അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും ലോക്ഡൗണിനെ വരെ എതിർത്തുവെന്നും ലേഖനത്തിൽ കാനം പറയുന്നു.

സര്‍ക്കാരിനെതിരായ യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും നിലപാട് കേരളത്തിനെതിരാണ്. ജനം കയ്യൊഴിയുമെന്ന ബോധ്യമാണ് ഈ അസംബന്ധ നാടകങ്ങള്‍ക്ക് കാരണമെന്നും കാനം ലേഖനത്തിൽ ആരോപിക്കുന്നു. സ്പ്രിൻക്ലർ ഇടപാടിൽ സി.പി.ഐ സർക്കാർ നിലപാടിന് എതിരാണെന്ന ആരോപണം ശക്തമായിരിക്കെ കാനം എഴുതിയ ലേഖനം സർക്കാരിനും മുഖ്യമന്ത്രിക്കും ആശ്വാസമാകും. കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രം തന്നെ ഡാറ്റ കൈമാറ്റത്തെ വിമർശിച്ച് മുഖപ്രസംഗം എഴുതിയിരുന്നു.