covid-

കോഴിക്കോട്: മഞ്ചേരിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ എട്ട് മണിയോടെയായിരുന്നു കുട്ടിയുടെ മരണം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കുട്ടി ഹൃദായാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കടുത്ത ന്യൂമോണിയ ബാധിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു.

മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്‌. എന്നാല്‍ കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ മഞ്ചേരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.ഇവിടെ ചികിത്സയിലിരിക്കെ അപസ്മാര ബാധയുമുണ്ടായതോടെ 21 ാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു.

ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു. മഞ്ചേരി സ്വദേശിയായ കുഞ്ഞിന്‍റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എവിടെ നിന്നാണ് കൃത്യമായി കുഞ്ഞിന് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ബന്ധു കുഞ്ഞിനെ കാണാൻ എത്തിയിട്ടില്ലെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്. അസുഖമുള്ള കുട്ടിയായതിനാൽ കുഞ്ഞിനെ പുറത്ത് കൊണ്ടുപോയിരുന്നതുമില്ല.