vehicle

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തശേഷം വിട്ടു കൊടുത്ത വാഹനങ്ങള്‍ വീണ്ടും സ്റ്റേഷനില്‍ ഹാജരാക്കി പിഴ അടയ്ക്കണം. ബൈക്കിനും ഓട്ടോയ്ക്കും ആയിരം രൂപയും കാറും ജീപ്പും പോലുള്ളവയ്ക്ക് രണ്ടായിരവും ഇടത്തരം ചരക്ക് വാഹനങ്ങള്‍ക്ക് നാലായിരവും ഭാരവാഹനങ്ങള്‍ക്ക് അയ്യായിരവുമാണ് പിഴ. പിഴ ഇനത്തില്‍ അഞ്ച് കോടിയിലേറെ രൂപയാണ് പൊലീസ് വരുമാനം പ്രതീക്ഷിക്കുന്നത്. പിഴ അടക്കാനുള്ള പൊലീസിന്റെ വിളി ഉടന്‍ വീടുകളിലേക്കെത്തും. പൊലീസ് വിളിക്കുന്ന മുറയ്ക്ക് സ്റ്റേഷനിലെത്തി പിഴ അടയ്ക്കണം. നാൽപതിനായിരത്തിലേറെ വാഹനങ്ങളാണ് പൊലീസ് ഇതുവരെ പിടിച്ചെടുത്തത്. ഇതില്‍ പകുതിയിലേറെ വാഹനങ്ങളും വിട്ടുകൊടുത്തിരുന്നു.

പുതുയതായി തയാറാക്കിയ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തതിനാല്‍ വാഹനങ്ങള്‍ വിട്ടുകൊടുത്ത സമയത്ത് പിഴ ഈടാക്കാന്‍ നിയമതടസമുണ്ടായിരുന്നു. അതിനാല്‍ പൊലീസ് ആവശ്യപ്പെടുമ്പോള്‍ വീണ്ടും ഹാജരാക്കണമെന്ന നിബന്ധനയിലാണ് വിട്ടുകൊടുത്തത്. ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പിഴ ഈടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പിടിച്ചുവച്ചിരിക്കുന്നവയും ഇനി പിടിക്കുന്ന വാഹനങ്ങളും പിഴയടച്ചാല്‍ ഉടന്‍ വിട്ടുനല്‍കും. എന്നാല്‍ ഈ പിഴയോടെയും കേസ് അവസാനിക്കില്ല. ഐ.പി.സി പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതിനാല്‍ പിഴ അടച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് കോടതിയില്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കണം.