തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശം വന്നെങ്കിലും കൊവിഡ് ഹോട്ട്സ്‌പോട്ടുകൾ പുനർനിർണയിച്ചുള്ള ഉത്തരവ് വൈകുന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നു. ഹോട്ട് സ്‌പോട്ട് പഞ്ചായത്ത് പ്രദേശമാണെങ്കിൽ പഞ്ചായത്ത് പൂർണമായും, കോർപ്പറേഷനോ നഗരസഭയോ ആണെങ്കിൽ വാർഡ് മാത്രവും അടച്ചിടുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
തിരുവനന്തപുരം ജില്ലയിൽ നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുൻസിപ്പാലിറ്റി പരിധിയാണ് ഹോട്ട് സ്പോട്ടുകളായുള്ളത്. മണക്കാട് ഡിവിഷനിൽ കൊവിഡ് കേസ് റിപ്പോർട്ടാകുകയും ചിലരെ നിരീക്ഷണത്തിലാക്കുകയും ചെയ്തതാണ് നഗരസഭാ പ്രദേശം ഹോട്ട്സ്പോട്ടാകാൻ കാരണമായത്. മണക്കാട്ടെ രണ്ടാമത്തെയാൾ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൂടാതെ സമ്പർക്കപ്പട്ടികയിലുള്ള ചിലർ നിരീക്ഷണത്തിലും തുടരുന്നു.
മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണെങ്കിൽ രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും താമസസസ്ഥലമുൾപ്പെടുന്ന വാർഡ് മാത്രം ഹോട്ട്സ്പോട്ടായാൽ മതിയാകും. വർക്കലയിൽ വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് ക്വാറന്റൈന് ശേഷം കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നഗരസഭാ പ്രദേശം വീണ്ടും ഹോട്ട്സ്പോട്ടായത്. എന്നാൽ തിരുവനന്തപുരം നഗരസഭ,വർക്കല മുൻസിപ്പാലിറ്റി പ്രദേശങ്ങൾ പൂർണമായും ഹോട്ട് സ്പോട്ടാണെന്ന നിലയിലാണ് ഇന്നുംസുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നത്.
കൊവിഡ് ബാധയുള്ള പ്രദേശങ്ങളൊഴികെയുള്ളവയെ ഹോട്ട് സ്പോട്ടിൽ നിന്നൊഴിവാക്കി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ഇതുവരെയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ നിർദേശനുസരണമുള്ള നടപടികൾ ഉടനുണ്ടാകുമെന്നാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ കെ.. ഗോപാലകൃഷ്ണൻ കേരളകൗമുദിയോട് പ്രതികരിച്ചത്. ജില്ലയിലും തിരുവനന്തപുരം നഗരത്തിലും കൊവിഡ് സുരക്ഷയുടെ ഭാഗമായി ശക്തമായ പരിശോധനകൾ നടന്നുവരികയാണ്. ജില്ലാ അതിർത്തികളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രധാന റോഡുകളിലുമെല്ലാം രാവിലെ തന്നെ പൊലീസ് പരിശോധന ആരംഭിച്ചു. അത്യാവശ്യ യാത്രക്കാരെയും സർക്കാർ ജീവനക്കാരെയും മാത്രമാണ് പോകാൻ അനുവദിക്കുന്നത്. അനാവശ്യമായി വാഹനങ്ങളുമായി കറങ്ങാനിറങ്ങുന്നവരെ കൈയ്യോടെ പിടികൂടാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.