ലക്‌നൗ: ഉത്തർപ്രദേശിൽ മൊറാദാബാദിൽ ആരോഗ്യപ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ പിടിയിലായ അഞ്ചുപേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതർ. ഇവരുമായി സമ്പർക്കം പുലർത്തിയ 73 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17 പേരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളുമായി സമ്പർക്കം പുലർത്തിയ 73 പൊലീസ് ഉദ്യോസ്ഥരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇൗ മാസം 15 ന് മൊറാദാബാദിലെ നവാബ്പുരയിൽ കൊവിഡ് ബാധിച്ച വ്യക്തിയെ ഐസോലേഷനിലാക്കുന്നതിനായി ആരോഗ്യ പ്രവർത്തകർ എത്തിയപ്പോഴായിരുന്നു ആക്രമണം.ആരോഗ്യപ്രവർത്തകർക്ക് നേരെ ഇവർ കല്ലെറിയുകയായിരുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്നു പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ആംബുലൻസും കല്ലേറിൽ തകർന്നു.പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.