sangeeth

തിരുവനന്തപുരം: സ്വന്തം പുരയിടത്തിൽ മണ്ണെടുക്കുന്നത് തടഞ്ഞ വിമുക്തഭടനും പ്രവാസിയുമായ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ (34) ടിപ്പറും മണ്ണുമാന്തിയും ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ കാട്ടാക്കട പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 14 പ്രതികളുള്ള കേസിൽ രേഖകളുൾപ്പെടെ 193 തെളിവുകളും 129 സാക്ഷിമൊഴികളും ഉൾപ്പെടെ 1500 പേജോളം വരുന്ന കുറ്റപത്രമാണ് കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കൊലപാതക കുറ്റത്തിന് പുറമെ മോഷണ കേസും സംഭവമുണ്ടായി 88-ാം ദിവസം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 24ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ഉറക്കത്തിനിടെ ജെ.സി.ബിയുടെ ഇരമ്പൽ ശബ്ദം കേട്ടുണർന്ന സംഗീത് പുറത്തിറങ്ങിനോക്കുമ്പോഴാണ് തന്റെ പുരയിടത്തിൽ നിന്ന് മണ്ണിടിച്ച് കൊണ്ടുപോകാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടത്. മണ്ണിടിക്കുന്നത് ചോദ്യം ചെയ്ത സംഗീത് ഇതിനെ എതിർക്കുകയും മണ്ണ് ഇടിക്കാൻ പാടില്ലെന്ന് നിർദേശിക്കുകയും ചെയ്തെങ്കിലും മണ്ണ് മാഫിയ സംഘത്തിൽപ്പെട്ട പ്രതികൾ പിൻവാങ്ങിയില്ല. സംഗീതിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ച അവർ മണ്ണിടിച്ച് ലോറിയിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.

മണ്ണ് കടത്തുകാരുടെ വാഹനങ്ങൾക്ക് മുമ്പിൽ സംഗീത് തന്റെ കാർ ചെറുത്ത് നിർത്തി. ഇതേതുടർന്ന് സംഗീതുമായി ഇവർ വാക്കുതർക്കത്തിലേർപ്പെട്ടു. വിവരം പൊലീസിനെ അറിയിക്കാൻ സംഗീത് വീടിനകത്തേക്ക് പോയ തക്കത്തിന് സംഘം കാർ തള്ളി മാറ്റി. ഇതോടെ വീണ്ടും തർക്കമായി. പൊലീസിൽ വിവരമറിയിച്ചെന്ന് മനസ്സിലാക്കിയ പ്രതികൾ വാഹനങ്ങളുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയത്.

പൊലീസ് വന്ന് വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന വെപ്രാളത്തിലായ പ്രതികൾ സംഗീതിനെ ആദ്യം ടിപ്പർ ഇടിപ്പിച്ചു. തെറിച്ചുവീണ സംഗീത് എഴുന്നേറ്റെങ്കിലും രക്ഷപ്പെടാൻ അനുവദിക്കാതെ ജെ.സി.ബികൊണ്ട് തള്ളി മാറ്റി. സമീപത്തെ മതിലിലേക്ക് ചേർത്ത് സംഗീതിനെ ജെ.സി.ബിയുടെ ബക്കറ്റിന് ഇടിപ്പിക്കുകയായിരുന്നു. മതിലും തകർന്നു വീണു. ഇതുമൂലമുണ്ടായ പരിക്കിനെ തുടർന്നാണ് സംഗീത് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അനുമതിയില്ലാതെ മണ്ണെടുത്തത് ചോദ്യം ചെയ്തതിലും പൊലീസിനെ വിവരം അറിയിച്ചതിലുമുള്ള വൈരാഗ്യത്താൽ മനഃപൂർവ്വം സംഗീതിനെ കൊലപ്പെടുത്തിയതായാണ് കുറ്റപത്രത്തിൽ പൊലീസിന്റെ കണ്ടെത്തൽ.

കൊലയ്ക്ക് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ(29), മണ്ണെടുക്കുന്നതു തടഞ്ഞപ്പോൾ സംഗീതിനെ ഇടിച്ചിട്ട ടിപ്പറിന്റെ ഡ്രൈവർ പ്ലാവൂർ കൊല്ലകോണം കുഴിവിള വീട്ടിൽ ലിനു മഹേഷ് (30), മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച ചാരുപാറ കോട്ടേക്കോണം വീട്ടിൽ സജു എന്ന സ്റ്റാൻലി ജോൺ,മണ്ണു കടത്തിയ ടിപ്പർ ലോറി ഉടമ കിഴമച്ചൽ പത്മിനി നിവാസിൽ ഉത്തമനെന്ന മണികണ്ഠൻ(34), ഡ്രൈവർ കട്ടയ്‌ക്കോട് കാര്യോട്ടുകോണം കുളത്തിൻകര വീട്ടിൽ ബൈജു(36), ക്ളീനർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ(25), ടിപ്പർ ലോറിയുടെ ക്ളീനർ കൊറ്റമ്പള്ളി സ്വദേശി സുജിത്(28), പ്രതികളെ ഒളിവിൽ പോകാനും യന്ത്രങ്ങൾ ഒളിപ്പിക്കാനും സഹായിച്ച ഒറ്റശേഖരമംഗലം ഉണ്ണി എന്ന ലാൽ കുമാർ(32), മണ്ഡപത്തിൻകടവ് ഇടവാൽ സ്വദേശി അനീഷ്, പ്രായപൂർത്തിയാകാത്തയാൾ, വാഹനങ്ങൾ ഒളിപ്പിക്കാൻ സഹായിച്ച ഉത്തമന്റെ ബന്ധു കാട്ടാക്കട സ്വദേശി സനൽകുമാർ(30), മണ്ഡപത്തിൻകടവ് ഇടവാൽ സ്വദേശി വിഷ്ണു ജി.നായർ(31), സംഭവത്തിൽ ഉൾപ്പെട്ട മണ്ണുമാന്തി, ടിപ്പർ എന്നിവയുടെ ആർ.സി. ഉടമ ചാരുപാറ കോട്ടേക്കോണം വീട്ടിൽ തങ്കമണി, ഇടിച്ചിട്ട മണ്ണു വാങ്ങിയ ജസ്റ്റിൻ എന്നിവരാണ് യഥാക്രമം ഒന്ന് മുതൽ 14 വരെയുള്ള പ്രതികളെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അന്യായമായ സംഘംചേരൽ, കൊലപാതകം, മോഷണം, തെളിവുനശിപ്പിക്കൽ, പ്രേരണ എന്നീ കുറ്റങ്ങളാണ് ഒന്നുമുതൽ എട്ടു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബാക്കിയുള്ളവർ സഹായിച്ചവരാണ്. മരിച്ച സംഗീതിന്റെ ഭാര്യയും നാല് ദൃക്‌സാക്ഷികളും അടക്കം 129 സാക്ഷികളും പ്രതികളുടെ ഫോൺ വിവരങ്ങൾ, റവന്യൂ രേഖകൾ, സാക്ഷികളുടെ രഹസ്യമൊഴികൾ എന്നിവയുൾപ്പെടുന്ന 136 രേഖകളും, പ്രതികൾ ഒളിവിൽ പോകാൻ ഉപയോഗിച്ച വാഹനങ്ങൾ ഉൾപ്പടെ 47 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം കോടതിക്ക് കൈമാറിയിട്ടുണ്ട്.