mar
നെടിയാംകോട് റോഡരികിലുള്ള അനധികൃത മാർക്കറ്റിലെ ജനക്കൂട്ടം

പാറശാല: കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രത പുലർത്താൻ സർക്കാർ പ്രഖ്യാപിച്ചിരിക്കെ കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിലും മാർക്കറ്റുകളിലും ജനം കൂട്ടംകൂടുന്നു. ഗ്രാമീണ മേഖലകളായ മണിവിള, നെടിയാംകോട്, ധനുവച്ചപുരം പ്രദേശങ്ങളിലാണ് യാതൊരു മുൻകുരുതലുകളും കൂടാതെ ജനം പുറത്തിറങ്ങുന്നത്. പാറശാലയുടെയും, മാരായമുട്ടം പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽപ്പെട്ട ഈ പ്രദേശങ്ങളിൽ പരിശോധനകൾ നാമമാത്രമായതിനാൽ തോന്നുംപടിയാണ് ജനങ്ങളുടെ സഞ്ചാരം.

തമിഴ്നാട്ടിൽ കൊവിഡ് വ്യാപകമാകുകയും അധികൃതരുടെ കണ്ണ് വെട്ടിച്ച് പലരും അതിർത്തികടന്നെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വൈരസഞ്ചാരവും കൂട്ടംകൂടലും പ്രദേശവാസികളെ ഭീതിയിലാക്കുന്നു. ഇവിടങ്ങളിൽ ചന്തകളിലെത്തുന്നവർ മാസ്ക്കോ കൈയ്യുറകളോ ഉപയോഗിക്കാറില്ല. രോഗവ്യാപനമുള്ള തമിഴ്നാട് അതിർത്തിയിൽ നിന്നടക്കം പ്രദേശവാസികളല്ലാത്ത ഒട്ടേറെപ്പേർ പരിശോധനകൾ കുറഞ്ഞ ഗ്രാമീണ മേഖലകളിലെ ചന്തകളിലും മറ്റും ലോക് ഡൗൺവിലക്കുകൾ ലംഘിച്ച് സാധനങ്ങൾ വാങ്ങാനെത്തുന്നുണ്ട്.

ലോക് ഡൗൺ പ്രഖ്യാപന നിലവിൽ വന്നതുമുതൽ ദേശീയ പാതയോരത്തുള്ള സുപ്രധാന ജംഗ്ഷനുകളിലും അതിർത്തി പങ്കു വയ്ക്കുന്നതായ കാരക്കോണം, കന്നു മാംമൂട്, കളിയിക്കാവിള - ഇഞ്ചിവിള, കൊല്ലങ്കോട്-ഊരമ്പ് , പൊഴിയൂർ തിരദേശമേഖല അതിർത്തി ചെക്ക് പോസ്റ്റുകളായ ആറ്റുപുറം - പൂവ്വാർ, അമരവിള - പാലക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാണ്. പ്രധാന ജംഗ്ഷനുകളിൽ ജനത്തിരക്ക് നിയന്ത്രിക്കുവാൻ ലോക് ഡൗണിന്റെ ഭാഗമായി പൊലീസ് എയ്ഡ് പോസ്റ്റുകളും നിലവിൽ വന്നു.എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഊടുവഴികൾ കടന്ന് പോകുന്നത് നിയന്ത്രിക്കുവാൻ സാധിക്കാത്തതാണ് പ്രശ്നം. ഡ്രോൺ നിരീക്ഷണമോ പട്രോളിംഗോ ശക്തമാക്കിയാലേ അനാവശ്യമായി കറങ്ങിനടക്കുന്നവരെ പിടികൂടാനാകൂ. ചന്തകളിലും കടകളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവർ കൂട്ടം കൂടുന്നത് തടയാനും രോഗ വ്യാപനമുണ്ടാകാതിരിക്കാനുള്ള കരുതലുകൾ സ്വീകരിക്കുന്നതും ഉറപ്പാക്കാൻ പൊലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.