പത്തനംതിട്ട: കൊവിഡ് ബാധിച്ച് ഒന്നരമാസമായി ചികിത്സയിലായിരുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശി രോഗമുക്തയായി. ഇവരുടെ തുടർച്ചയായ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആണ്. ഇവർ ഉടൻ ആശുപത്രി വിട്ടേക്കും.നാല്പത്തിയഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം രോഗമുക്തി നേടുന്ന രാജ്യത്തെ തന്നെ ആദ്യത്തെ കേസാണിത്. മാർച്ച് എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് മാർച്ച് പത്തിനാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സ തുടങ്ങിയെങ്കിലും രോഗം മാറിയില്ല. ആദ്യഘട്ട ചികിത്സയിൽ ഫലം കാണാത്തതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഐവർവെക്ടിൻ എന്ന് മരുന്ന് പരീക്ഷിക്കുകയായിരുന്നു.മൂന്ന് ദിവസങ്ങൾ ഇടവിട്ട് മരുന്ന് നൽകി തുടങ്ങുകയായിരുന്നു. പക്ഷേ, അതിന് ശേഷമുള്ള ആദ്യ ഫലം പോസിറ്റീവായി. എന്നാൽ തിങ്കളാഴ്ച മുതൽ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടർച്ചയായി നെഗറ്റീവായിരിക്കുന്നത്.ഇതേത്തുടർന്നാണ് ഇവർ രോഗമുക്തയായി എന്ന് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായത്. ഇവരുടെ മകൾ രണ്ടാഴ്ച മുമ്പ് രോഗമുക്തയായി ആശുപത്രി വിട്ടിരുന്നു.