sathyan-mla-

കല്ലമ്പലം: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഹാസ്യകലാകാരൻ കല്ലമ്പലം പുതുശ്ശേരിമുക്ക് വല്ലത്തുകോണം ചന്ദ്രിക വിലാസത്തിൽ ഷാബുരാജിന്റെ കുടുംബത്തിന് പട്ടികജാതി വകുപ്പിൽ നിന്ന് സഹായം ലഭ്യമാക്കുമെന്ന് ബി.സത്യൻ എം.എൽ.എ പറഞ്ഞു. വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക വകുപ്പ് രണ്ട് ലക്ഷം രൂപ നൽകുന്നതിനു പുറമേയാണ് പട്ടികജാതി വകുപ്പിന്റെ സഹായം. ഷാബുരാജിന്റെ വീട്ടിലെത്തിയ എം.എൽ.എ ഭാര്യ ചന്ദ്രികയെയും മക്കളെയും ആശ്വസിപ്പിച്ചു. മന്ത്രി എ.കെ. ബാലനും കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഷാബുരാജിന്റെ മരണം. രോഗിയായ ഭാര്യ ചന്ദ്രിക, മക്കളായ ജീവൻ, ജ്യോതി, ജിത്തു, കൈക്കുഞ്ഞായ ജിഷ്ണു എന്നിവരടങ്ങുന്നതാണ് കുടുംബം. മിമിക്രി കലാപരിപാടികളിലൂടെ വളർന്നുവന്ന ഷാബുരാജ് ഏഷ്യാനെറ്റ് കോമഡി സ്റ്റാഴ്സിലെ ഫോർ സ്റ്റാർ ടീമംഗമായതോടെയാണ്‌ പ്രശസ്തിയാർജിച്ചത്.

കരവാരം പഞ്ചായത്തിന്റെ കനിവിൽ ലഭിച്ച പണിതീരാത്ത ഒരു വീടുമാത്രമാണ് ഷാബുവിന്റെ ആകെയുള്ള സമ്പാദ്യം. പ്രോഗ്രാമുകൾ ഇല്ലാത്ത സമയങ്ങളിൽ ആശാരിപ്പണിക്കും മറ്റും പോയാണ് ഷാബു കുടുംബം പുലർത്തിയിരുന്നത്.