മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 778 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6427 ആയി. 522 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മുംബയിലെ രോഗബാധിതരുടെ എണ്ണം 4025ലെത്തി. 167 പേരാണ് ഇവിടെ മരിച്ചത്. മുംബയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
ചേരിയായ ധാരാവിയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇവിടെ ഇതുവരെ 214 പേർക്കാണ് രോഗം ബാധിച്ചത്. 13 പേർ മരിച്ചു. ചേരികൾ കേന്ദ്രീകരിച്ച് കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ഏഴുദിവസങ്ങളിലായിട്ടാണ് രോഗികളുടെ എണ്ണത്തിൽ ഇരട്ടിയാകുന്ന അവസ്ഥ ഉണ്ടാകുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അണുബാധയെ തുടർന്ന് മരിച്ച മുക്കാൽ ശതമാനം രോഗികൾക്കും മറ്റ് അസുഖങ്ങളുണ്ടായിരുന്നു എന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
ബി.എം. സിയുടെ നേതൃത്വത്തിൽ ചില സ്ഥലങ്ങൾ ഹൈ റിസ്ക് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് ജനങ്ങൾക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ സാധിക്കില്ല.. ഇവിടെത്തെ താമസക്കാർക്ക് ആവശ്യമായ സാധനങ്ങൾ അധികൃതർ എത്തിച്ചുനൽകും.