gujarat

അഹമ്മദാബാദ് : രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഡൽഹിയായിരുന്നു തൊട്ടുപിന്നിൽ. എന്നാൽ ഇപ്പോൾ ഡൽഹിയേയും കടത്തിവെട്ടി കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗുജറാത്ത്. രാജ്യത്ത് 19 ശതമാനം പേർക്ക് രോഗം ഭേദമാകുമ്പോൾ ഗുജറാത്തിൽ വെറും 6.3 ശതമാനം പേർക്ക് മാത്രമാണ് രോഗം ഭേദമായത്. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ ഏറ്റവും കുറവ് ഗുജറാത്തിലാണ്. അതുപോലെ തന്നെ മരണ നിരക്കിന്റെ കാര്യത്തിലും ഗുജറാത്ത് മുന്നിലാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23,000 കടന്നിരിക്കുകയാണ്.

മാർച്ച് 19നാണ് ഗുജറാത്തിലെ ആദ്യത്തെ കൊവിഡ് കേസുകൾ രാജ്കോട്ടിലും സൂറത്തിലും സ്ഥിരീകരിച്ചത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തിലെ 27 ജില്ലകളിലേക്ക് കൂടി കൊവിഡ് വ്യാപിച്ചിരിക്കുകയാണ്. ഇതൊടെ ആകെ 33 ജില്ലകളിൽ 29 എണ്ണത്തിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജുനാഗഡ്, അംറേലി, സുരേന്ദ്രനഗർ, ദ്വാരക എന്നീ നാല് ജില്ലകൾ മാത്രമാണ് കൊവിഡ് മുക്തമായുള്ളത്. കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ദംഗ് ജില്ലയിൽ ഇന്നലെ വൈകിട്ടോടെ പുതിയ കേസ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ മാത്രം 217 പുതിയ കേസുകളും ഒമ്പത് മരണവും ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. അഹമ്മദാബാദാണ് സംസ്ഥാനത്ത് കൊവിഡിന്റെ പ്രധാന ഹോട്ട്സ്പോട്ട്. 1,298 പേർക്കാണ് അഹമ്മദാബാദിൽ രോഗം സ്ഥിരീകരിച്ചത്. 112 പേർ ഇതേവരെ മരിച്ചു. 2,624 പേർക്കാണ് ഗുജറാത്തിൽ ഇതേവരെ രോഗം സ്ഥിരീകരിച്ചത്. ഇതേ വരെ 258 പേർക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായി. അതേ സമയം, ഗുജറാത്തിലെ പഠാനിൽ രോഗം ഭേദമായ രണ്ട് പേരിൽ വീണ്ടും കൊവിഡ് കണ്ടെത്തി. 55 വയസുള്ള സ്ത്രീയ്ക്കും 60 വയസുള്ള പുരുഷനുമാണ് ഡിസ്ചാർജ് ചെയ്ത് 13 ദിവസങ്ങൾക്ക് ശേഷം കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് 14 ദിവസത്തേക്ക് ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയായിരുന്നു.

ഇവരിലെ കൊറോണ വൈറസ് സാന്നിദ്ധ്യം വീണ്ടും മടങ്ങിയെത്തുകയായിരുന്നോ അതോ ഇവർക്ക് മറ്റെവിടുന്നെങ്കിലും രോഗം പകർന്നതാണോ എന്ന് വ്യക്തമല്ല. പഠാനിൽ ഇതേവരെ രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ ആശുപത്രി വിടുകയും ഒരാൾ മരിക്കുകയും ചെയ്തു. മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഡിസ്ചാർജ് ചെയ്യപ്പെട്ടവരിൽ രണ്ട് പേർക്ക് വീണ്ടും കൊവിഡ് കണ്ടെത്തിയവരോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി. പഠാനിൽ രോഗം ബാധിച്ച 15ൽ 14 പേരും അയൽവാസികളാണ്. സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയതായി ഗുജറാത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗം ഭേദമായവരിൽ ഇത്രയും നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗം കണ്ടെത്തിയത് രാജ്യത്തെ ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുകയാണ്. അതേ സമയം, ഗുജറാത്തിൽ കൊവിഡ് അതിതീവ്രമാകുമെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും മുന്നറിയിപ്പുമുണ്ട്.