എറണാകുളം: വിവര സുരക്ഷയിൽ കൂടുതൽ കരുതൽ സർക്കാരിന് വേണമെന്ന് ഹൈക്കോടതി. ഡാറ്റ വ്യാധി ഉണ്ടാകരുതെന്ന് കോടതി ആവർത്തിച്ചു.സ്‌പ്രിൻക്ലർ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. സ്വകാര്യത പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.വസ്തുതകൾ മുടിവയ്ക്കാൻ ശ്രമിക്കരുതെന്നും സർക്കാർ നിലപാട് അപകടകരമാണെന്നും കോടതി സർക്കാരിനോട് പറഞ്ഞു. അഡ്വ.എൻ.എസ് നപിനൈയെന്ന മുംബയിൽ നിന്നുള്ള സൈബർ വിദഗ്ധയായ അഭിഭാഷകയാണ് സർക്കാരിന് വേണ്ടി വാദിക്കുന്നത്. ലോ സെക്രട്ടറിയുടെ ഉത്തരവ് അനുസരിച്ചാണ് ഹാജരാകുന്നതെന്ന് അഭിഭാഷക കോടതിയിൽ പറഞ്ഞു.
വസ്തുതകൾ മൂടിവയ്ക്കരുതെന്ന് കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി. ഡാറ്റ പ്രോസസ് ചെയ്യുന്നത് അമേരിക്കൻ കമ്പനി ആണെന്ന് ജനങ്ങളോട് പറയുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയോ എന്നും വിവര ചോർച്ച ഉണ്ടായോ ഇല്ലയോ എന്ന് പറയാൻ ആകുമോ എന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഇന്ത്യയിൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന സത്യവാങ്മൂലത്തിലെ കാര്യം സർക്കാർ കോടതിയെ ഓർമ്മിപ്പിച്ചു. എന്നാൽ കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തുവെന്ന് വ്യക്തമല്ലെന്നും വിഷയം ലാഘവത്തോടെ കാണരുതെന്നും കോടതി സർക്കാരിനോട് പറഞ്ഞു. രോഗത്തെക്കാൾ വലിയ രോഗപരിഹാരം നിർദ്ദേശിക്കരുതെന്നും സർക്കാരിനോട് കോടതി പറഞ്ഞു.
കരാറിൽ സ്വകാര്യത പോളിസി വ്യക്തമല്ലെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു.സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ല. ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ സൂക്ഷിക്കുമെന്ന് സർക്കാർ പറയുന്നില്ല. മൗലികാവശകാശങ്ങളുടെ ലംഘനമാണ് സർക്കാർ നടത്തുന്നതെന്നും അപ്പ്ലോഡ് ചെയ്യുന്ന ഡാറ്റയുടെ സുരക്ഷ സർക്കാർ ഉറപ്പ് നൽകുന്നില്ലെെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
ഇരുപത്തി ഏഴാം തീയതി ഡാറ്റ അപ്‌ലോഡ് ചെയ്ത സമയത്ത് കരാര്‍ നിലവിൽ ഇല്ല എന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. മുൻകൂട്ടി ഇതിനെ പറ്റി പേടിക്കേണ്ട കാര്യം ഉണ്ടോയെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. കേന്ദ്രത്തിന് വേണ്ടി അഡീഷണൽ സോളിസിറ്റര്‍ ജനറൽ നേരിട്ടാണ് കോടതിയിൽ ഹാജരായത്. കരാര്‍ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹര്‍ജിയുടെ പകര്‍പ്പ് കിട്ടിയില്ലെന്നും ഹര്‍ജിയിൽ പറയുന്ന കാര്യങ്ങൾ എന്താണെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.
കരാർ നിലവിൽ വന്നത് ഏപ്രിൽ 2ന് മാത്രമാണെന്നും കരാർ നിലവിൽ വരുന്നതിനു മുൻപ് ഡേറ്റ സ്പ്രിംക്ലര്‍ ശേഖരിച്ചെന്നും രമേശ് ചെന്നിത്തല വാദിച്ചു. ശേഖരിച്ച ഡാറ്റ എന്തിന് വേണ്ടി ഉപയോഗിക്കും എന്നുത് വ്യക്തമല്ല. കരാർ നൽകാൻ തീരുമാനം എടുത്തത് ആരാണെന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകൻ വാദിച്ചു. വിവരങ്ങള്‍ ശേഖരിക്കുന്നതിനോടാണോ വിവരങ്ങള്‍ ചോരുന്നതിനോടാണോ എതിര്‍പ്പ് എന്നായിരുന്നു ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതിയുടെ ചോദ്യം. ഇപ്പോഴും ഉള്ളത് അസാധാരണ സാഹചര്യം ആണെന്ന് കോടതി പറഞ്ഞു. വിവരങ്ങൾ കമ്പനി ശേഖരിക്കുന്നതിൽ ആണ് എതിർപ്പെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.ആശ വർക്കർമാർ മുഖേന ശേഖരിച്ച ഡാറ്റ സ്പ്രിൻക്ലറിൽ അപ്‌ലോഡ് ചെയ്യുമ്പോൾ കരാർ പോലും ഇല്ലായിരുന്നു എന്ന് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ പറഞ്ഞു.
വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്നമെന്നും കരാര്‍ റദ്ദാക്കാൻ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇപ്പോൾ കിട്ടിയ ഡാറ്റയിൽ നിന്ന് ഒരു രണ്ടാം ഘട്ട ഡാറ്റ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നും ഇത്തരത്തിൽ സെക്കൻഡറി ഡാറ്റ തയാറാക്കുന്നത് വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണെമന്നും ഡാറ്റ അനലിസ്റ്റ് ആയ ബിനോഷ് അലക്സ് സമര്‍പ്പിച്ച പൊതു താൽപര്യ ഹര്‍ജി കോടതിയോട് ആവശ്യപ്പെട്ടു. കോടതിയിൽ സർക്കാർ വാദം തുടരുകയാണ്.