കിളിമാനൂർ: ചരക്ക് വാഹനത്തിൽ ആളെ കടത്താനുള്ള ശ്രമം പൊലീസ് പൊളിച്ചു. സംസ്ഥാന പാതയിൽ തട്ടത്തുമല വാഴോട് താൽക്കാലിക ചെക്ക് പോയിന്റിൽ വാഹന പരിശോധനയിൽ ആളെ കടത്താനുള്ള ശ്രമമാണ് പൊലീസ് കണ്ടുപിടിച്ചത്. കഴിഞ്ഞദിവസം നടത്തിയ വാഹന പരിശോധനയിൽ പന്തളത്ത് നിന്ന് മാർത്താണ്ഡത്തേക്ക് പോയ വാഹനമാണ് പിടിച്ചെടുത്തത്.
പന്തളത്ത് ഭക്ഷ്യവസ്തുക്കളടങ്ങിയ സാധനങ്ങൾ ഇറക്കിയ ശേഷം മടങ്ങവേയാണ് ആളെ കയറ്റിയത്.വിവിധ ചെക്ക് പോയിന്റുകളിൽ പൊലീസിനെ കബളിപ്പിച്ച് എത്തിയ ഇവർ തട്ടത്തുമലയിലെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ ക്രിസ്തുദാസ് (54) ജസ്റ്റിൻ (32), റാബി (43) എന്നിവരെയാണ് കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ നാലാഞ്ചിറയുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ചിറയിൻകീഴ് തഹസീൽദാർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐമാരായ കെ.ബി. മനോജ് കുമാർ, പി.കെ.രാകേഷ്, എസ്. ഐ പ്രൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്