കിളിമാനൂർ: സംസ്ഥാന പാതയിൽ തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയായ തട്ടത്തുമല വാഴോട്ടെ താൽക്കാലിക ചെക്ക് പോയിന്റിൽ പരിശോധന കർശനമാക്കിയതോടെ ഇതര ജില്ലയിലുള്ളവർ തലസ്ഥാനജില്ലയിലേയ്ക്ക് പ്രവേശിക്കുന്നതിനായി കുറുക്കുവഴികൾ തേടുന്നു. ഗൂഗിൾ മാപ്പ് വഴി ഇടറോഡുകൾ കണ്ടെത്തിയാണ് പലരും പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നത്.
നിലമേൽ ജംഗ്ഷനിൽക്കൂടി ചില ഇടറോഡുകൾ വഴിയാണ് ജില്ളയിലേക്ക് പ്രവേശിക്കുന്നത് .
ഉയർന്ന ഉദ്യോഗസ്ഥരുടെ ശുപാർശയിൽ ധാരാളം വാഹനങ്ങൾ വാഴോട് ചെക്ക് പോസ്റ്റ് വഴി രാത്രി കാലങ്ങളിൽ കടത്തിവിടുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വളരെ അത്യാവശ്യഘട്ടത്തിലുള്ള വാഹനങ്ങൾ മാത്രം കടത്തിവിട്ടാൽ മതിയെന്ന കർശന നിർദ്ദേശമുള്ളപ്പോഴാണ് മതിയായ കാരണങ്ങളില്ലാതെ എത്തുന്നവർ ശുപാർശയിലൂടെ അതിർത്തി കടന്നുപോകുന്നത്. കളക്ടറുടെ കർശന നിർദ്ദേശം കണക്കിലെടുത്ത് വാഴോട്ടെ ചെക്ക് പോയിന്റിൽ പഴുതടച്ച പരിശോധനയാണ് നടത്തുന്നത്.പൊലീസ്, ആരോഗ്യ വകുപ്പ് , മോട്ടോർ വാഹന വകുപ്പ് , റവന്യൂ വകുപ്പ് , ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത്. ഇവിടേയ്ക്ക് വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നെല്ലാം ധാരാളം പേർ വിലക്ക് ലംഘിച്ചെത്തുന്നുണ്ട്. ചെക്ക് പോയിന്റിലെത്തുമ്പോൾ പിടിക്കപ്പെടുന്നവർ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നത് നിത്യസംഭവമായി മാറുകയാണ്. ഇതിനെ തുടർന്ന് താൽക്കാലിക ചെക്ക് പോയിന്റിൽ നിർദ്ദേശങ്ങളടങ്ങിയ നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.