തിരുവനന്തപുരം: സ്കൂൾ സർക്കാർ ഏറ്റെടുത്തതോടെ അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശമ്പളം കിട്ടാതായി.
ഒരേ ഭരണ സമിതിയുടെ ഭാഗമായിരുന്നതിനാൽ പരിയാരം മെഡിക്കൽ കാേളേജിനൊപ്പം സർക്കാർ ഏറ്റെടുത്ത പരിയാരം പബ്ളിക് സ്കൂളിനാണ് ഈ ദുർവിധി.
പത്തൊൻപത് അദ്ധ്യാപകരും മൂന്ന് അനദ്ധ്യാപകരും
വരുമാനമില്ലാതെ ഒരുവർഷത്തിലേറെയായി വലയുകയാണ്.
കൊവിഡ്കാലമായതോടെ മറ്റുവഴിയില്ലാതെ മുഖ്യമന്ത്രിയുടെ കനിവുതേടി ഒരു അദ്ധ്യാപിക കത്തെഴുതി.
``.....കഴിഞ്ഞ ഏപ്രിൽ മുതൽ ശമ്പളമില്ലാതെ പണിയെടുക്കുകയാണ് 19 അദ്ധ്യാപകരും മൂന്ന് അനദ്ധ്യാപകരും. ഈ കൊറോണക്കാലത്തും ഞങ്ങളെയാരും പരിഗണിക്കുന്നില്ല. ജീവിതം വളരെ ബുദ്ധിമുട്ടിലാണ്. സ്ഥിരം ജോലിയില്ലാത്ത ഭർത്താക്കന്മാരാണ് പലർക്കും. കൂട്ടത്തിൽ രണ്ട് വിധവകൾ, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ, ഹൃദയവാൽവ് മാറ്റിവച്ചവർ, ആൻജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞവർ എന്നിങ്ങനെയുണ്ട്. ഭവനവായ്പയുള്ളവരുണ്ട്. ഇ.എസ്.ഐ ആനുകൂല്യമില്ല. പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിച്ച് ഇതുവരെ ജീവിതാവശ്യങ്ങൾ നിറവേറ്റി. ഇനി മുന്നിൽ വഴി ആത്മഹത്യ മാത്രം... "
അടുത്തൊരു ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളിലാണ് അദ്ധ്യാപകരുടെ പ്രതീക്ഷ.
" ചില സ്കൂളുകളിൽ ജോലി ചെയ്തിട്ടും ശമ്പളമില്ലാതെ തുടരേണ്ടി വരുന്നവരുണ്ട്. അവരുടെ കാര്യവും മാനേജ്മെന്റുകൾ പരിഗണിക്കണം." ഇതായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. തങ്ങളുടെ കാര്യം സർക്കാരും പരിഗണിക്കണമെന്നാണ് ഈ അദ്ധ്യാപകർ പറയുന്നത്.
അദ്ധ്യാപികയുടെ കത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് മുഖമന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറിയിട്ടുണ്ട്
ഒടുവിൽ കിട്ടിയ ശമ്പളം
കഴിഞ്ഞ വർഷം മാർച്ചിൽ പരിയാരം സഹ.മെഡിക്കൽകോളേജ് ഭരണസമിതിക്ക് കീഴിലായിരുന്നപ്പോഴാണ് അവസാനമായി ശമ്പളം കിട്ടിയത്. ശമ്പളത്തിന് മാസം വേണ്ടി വരുന്നത് അഞ്ച് ലക്ഷത്തോളം രൂപ.
എൽ.കെ.ജി മുതൽ പത്തുവരെ ക്ലാസുകളുള്ള സ്കൂളിൽ വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കിയിരുന്നു. അതിൽ നിന്നാണ് ശമ്പളം നൽകിയിരുന്നത്. സർക്കാർ ഏറ്റെടുത്തതോടെ വിദ്യാഭ്യാസം സൗജന്യമായി. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളുൾപ്പെടെ സൗജന്യമായി കിട്ടി. 2003ൽ ആരംഭിച്ചതാണ് പബ്ലിക് സ്കൂൾ.
അക്കൗണ്ട് ആര് തുടങ്ങും?
1.ഏറ്റെടുത്തപ്പോൾ പ്രത്യേക ഹെഡ് ഒഫ് അക്കൗണ്ട് തുടങ്ങാത്തതും മറ്റുചില ഉത്തരവുകളുടെ അഭാവവുമാണ് സ്കൂളിന്റെ ദൈനംദിനചെലവിനും ശമ്പളത്തിനും ആവശ്യമായ തുക ലഭിക്കാത്തതിന് കാരണമെന്ന് വിദ്യാഭ്യാസവകുപ്പ്
2. സ്കൂളിനെ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി ഉത്തരവ് ഇറങ്ങിയത് കഴിഞ്ഞ വർഷം മാർച്ച് 18ന്
3. വിദ്യാലയത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിക്കൊണ്ട് പോകാനാവശ്യമായ ഉത്തരവുകളോ നിർദ്ദേശങ്ങളോ ഇറക്കിയില്ല.
4 ഈ പോരായ്മകൾ പരിഹരിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ.